Latest News

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്‌ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയെന്നാണ് വിവരം.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളിയായതിന്റേയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്ഐടിയോട് പറഞ്ഞു. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ ചെയ്യുകയായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു.

ഒരു അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വര്‍ണപ്പാളികളുടെ പൂജാ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ജയറാം അന്വേഷണസംഘത്തോട് വിശദീകരിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനാണെന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ശബരിമലയിലെ ഒരാളെന്ന നിലയില്‍ മാത്രമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയം. മറ്റ് യാതൊരു ബന്ധമോ സൗഹൃദമോ ഇല്ലെന്നും ജയറാം എസ്ഐടിയോട് വ്യക്തമാക്കിയതായാണ് വിവരം.

ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയത്. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ ചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ രൂപത്തില്‍ ആക്കിയ ശേഷം പൂജ ചെയ്യുകയായിരുന്നു. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.

Next Story

RELATED STORIES

Share it