Latest News

വാക്കുതര്‍ക്കത്തിനിടെ 'എന്നാല്‍ നീ പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണയാകില്ലെന്ന് ഹൈക്കോടതി

വാക്കുതര്‍ക്കത്തിനിടെ എന്നാല്‍ നീ പോയി ചാക് എന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണയാകില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: വാക്കുതര്‍ക്കത്തിനിടെ 'എന്നാല്‍ നീ പോയി ചാക്' എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. കാസര്‍കോട് സ്വദേശിനി അഞ്ചരവയസുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ഇത് വ്യക്തമാക്കിയത്.

കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരേ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്. കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രിംകോടതി വിധി ന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി.

അധ്യാപകനായ ഹരജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹരജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ മനോവിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നുമാണ് കേസ്. 2023ലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെതിരായ കേസ് സെഷന്‍സ് കോടതി ചോദ്യം ചെയ്തെങ്കിലും ഐപിസി 306, 204 വകുപ്പുകള്‍ ചുമത്താനായിരുന്നു കോടതി നിര്‍ദേശം. ഇത് ചോദ്യം ചെയ്ത് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it