Latest News

കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരമോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യമോ?

കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരമോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യമോ?
X

പെഗസസ് വിവാദം കത്തിനില്‍ക്കെ രാജ്യസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭയുടെ വര്‍ഷകാല സമ്മേളനം തീരാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെയാണ് സഭ പിരിയുന്നത്. പിരിയും മുമ്പ് സഭയില്‍ എന്നത്തെയും പോലെ വലിയ വലിയ കോലാഹലങ്ങളുണ്ടായി. അംഗങ്ങള്‍ പേപ്പറുകള്‍ ചുരുട്ടിയെറിഞ്ഞു. മുദ്രാവാക്യം വിളിച്ചു. നടുത്തളത്തിലറിങ്ങി ബഹളം വച്ചു. രണ്ടാഴ്ച മുമ്പ് ഇതുപോലൊരു സന്ദര്‍ഭം സഭയിലുണ്ടായപ്പോള്‍ ബഹളം വച്ചവരും അതിനു കാരണക്കാരായവരും നിര്‍ഭാഗ്യകരമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. സഭയില്‍ ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കുക മാത്രം ചെയ്തു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സ്വഭാവസവിശേഷകള്‍ മാറുന്നുവെന്നുവേണം കരുതാന്‍.

പെഗസസ് ചാരസോഫ്റ്റ് വെയര്‍ പ്രശ്‌നമാണ് രാജ്യസഭയുടെയും ലോക്‌സഭയുടെയും വര്‍ഷകാല സമ്മേളനത്തെ പ്രതിസന്ധിയിലാക്കിയത്. ഇസ്ട്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് ലോകത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കുന്ന ചാരസോഫ്റ്റ് വെയറാണ് പെഗസസ്. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്താന്‍ കഴിയും. വേണ്ടിവന്നാല്‍ പൗരന്മാരെ കുടുക്കാനുള്ള ഡാറ്റ നിക്ഷേപിക്കാനും സര്‍ക്കരുകള്‍ക്കാവും. ഈ സംവിധാനം ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരായ സാമൂഹികപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, ഭരണാധികാരികള്‍, പോലിസുകാര്‍ എന്തിന് നിലവില്‍ ഭരണപക്ഷത്തുള്ള നേതാക്കളുടെ പോലും ഫോണുകള്‍ ചോര്‍ത്തുകയുണ്ടായി. ഉദാരണം ഇപ്പോഴത്തെ ഐടി മന്ത്രിതന്നെ! ആഗോള തലത്തില്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങളാണ് ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരമൊരു സോഫ്റ്റ് വെയര്‍ ഇന്ത്യ കരസ്ഥമാക്കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

പെഗസസ് ഇന്ത്യയില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചു. ഫ്രാന്‍സ് ഔദ്യോഗികമായിത്തന്നെ ഇസ്രായേലിനോട് ആശങ്കയറിയിച്ചു. ഇക്കാര്യത്തില്‍ ഫ്രാന്‍സ് മാത്രമല്ല, മറ്റ് പല രാജ്യങ്ങളും കടുത്ത ആശങ്കയിലാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന സമീപനമാണ് നമ്മെ അമ്പരപ്പിക്കുന്നത്. രാജ്യസഭയില്‍ ഒരു സമ്മേളന കാലയളവ് പിന്നിട്ടിട്ടും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോക്‌സഭ പിരിയാനിരിക്കുമ്പോളും പെഗസസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന ധിക്കാരം ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കും എന്തിന് പാര്‍ലമെന്റിനു തന്നെ എന്തു പങ്കാളിത്തമാണ് ഉള്ളതെന്ന സംശയം ബലപ്പെടാന്‍ കാരണമായിട്ടുണ്ട്.

വര്‍ഷകാല സമ്മേളനം തുടങ്ങി ഇതുവരെയും ഒരു ദിവസം പോലും തടസ്സമില്ലാതെ ലോക്‌സഭയോ, രാജ്യസഭയോ ചേരാനായിട്ടില്ല. എന്നിട്ടും ഇതിനിടയില്‍ ബില്ലുകള്‍ പാസ്സാക്കുന്നതില്‍ സര്‍ക്കാര്‍ ഒരു മടിയും കാണിക്കുന്നില്ലെന്നത് നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംവിധാനം പാര്‍ലമെന്‍ിനു നല്‍കുന്ന വിലയെക്കുറിച്ച് പുനരാലോചിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. പ്രതിപക്ഷം ഇറങ്ങിപ്പോയാലും ബില്ലുകള്‍ പാസ്സാക്കാന്‍ നിയമപരമായി കഴിയുമെങ്കിലും ഇന്ത്യയില്‍ അത്തരമൊരു കീഴ്‌വഴക്കമില്ലെന്നാണ് മുന്‍ പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷേ, മോദി സര്‍ക്കാരിന് അതൊന്നും ബാധകമല്ലല്ലോ!

ഇതിനിടയില്‍ മറ്റൊന്നും കൂടി സംഭവിച്ചു. ഐടി മേഖലയിലെ പാര്‍ലമെന്ററി കമ്മിറ്റി പെഗസസ് വിവരത്തില്‍ മൊഴിനല്‍കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചിട്ടും അവര്‍ ഹാജരായില്ല. എന്നു മാത്രമല്ല, ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് യോഗം തുടങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് മാത്രമാണ് അയച്ചത്. അവ മെയില്‍ ചെയ്തതാകട്ടെ മിനിട്ടുകളുടെ വ്യത്യാസത്തിലും.

ഇതൊക്കെ കൂട്ടിവയ്ക്കുമ്പോള്‍ പാര്‍ലമെന്റിന്റെ ഉന്നതാധികാര സമിതിക്കു മുന്നില്‍ ധിക്കാരം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം നല്‍കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് നിസ്സംശയം പറയാം.

ഒരു ഭാഗത്ത് പാര്‍ലമെന്റിനെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥര്‍, ഇതിനെതിരേ ചെറുവിരലനക്കാന്‍ കഴിയാത്ത പാര്‍ലമെന്റ്, പ്രതിപക്ഷത്തെ കേട്ടില്ലെന്ന് നടിക്കുന്ന ഭരണപക്ഷം, പ്രതിപക്ഷത്തെ പരിഹസിച്ച് ബില്ലുകള്‍ പാസ്സാക്കി വിടുന്ന ലോക്‌സഭാ, രാജ്യസഭാ സംവിധാനങ്ങള്‍... രാജ്യം വലിയ ധാര്‍മിക പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തുന്നതെന്നു വേണം കരുതാന്‍- എന്നുമാത്രം പറഞ്ഞുവയ്ക്കാം.

Next Story

RELATED STORIES

Share it