Latest News

നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുര്‍റഷീദ് (47) നെയാണ് മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
X

മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മഞ്ചേരിയില്‍ അറസ്റ്റില്‍. അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുര്‍റഷീദ് (47) നെയാണ് മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

മഞ്ചേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഈ മാസം ഒന്നിന് രാത്രി അഞ്ച് ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിന്റെ അന്വേഷണവേളയിലാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ കോഴിക്കോട് മുക്കം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങി നടന്ന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. പകല്‍ സമയങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുകയും രാത്രി കാലങ്ങളില്‍ അവിടെ എത്തി മോഷണം നടത്തുകയും ചെയ്യുകയാണ് പ്രതിയുടെ രീതി.

വള്ളുവമ്പ്രത്ത് കഴിഞ്ഞ ജൂലൈ ഒന്നാം തിയ്യതി രാത്രിയോടെ എത്തിയ പ്രതി സമീപത്ത് റൂമില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ ശബ്ദം കേട്ടാലും പുറത്തിറങ്ങാതിരിക്കാന്‍ വാതില്‍ പുറത്തുനിന്നും പൂട്ടിയ ശേഷം പെട്രോള്‍ പമ്പ് ഓഫിസിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.

ഈ കേസിന്റെ അന്വേഷണ വേളയില്‍ വെള്ളാട്ടുചോല അബ്ദുര്‍റഷീദാണ് കേസിലെ പ്രതിയെന്നും മുക്കത്ത് നിന്നും മോഷ്ടിച്ച സ്‌കൂട്ടറിലാണ് ഇയാളുടെ സഞ്ചാരമെന്നതും സംബന്ധിച്ച സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പോലിസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ മഞ്ചേരിയില്‍ നിന്നും സംശയാസ്പദമായ നിലയില്‍ കാണപ്പെട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഊട്ടിയിലാണ് ഇയാളുടെ ഭാര്യ വീട്. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈല്‍ നമ്പര്‍ മാറ്റുക പതിവായിരുന്നു. ജില്ലക്കകത്തും പുറത്തുമായി നൂറിലധികം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനല്‍ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങള്‍ മോഷണം നടത്തിവരികയായിരുന്നു ഇയാളുടെ പതിവ് രീതി. പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്ക് പിന്നീട് ചുവട് മാറ്റുകയായിരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി ഇയാള്‍ മോഷണ രംഗത്തുണ്ട്. മഞ്ചേരി, കരുവാരക്കുണ്ട്, മുക്കം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകള്‍ക്ക് പിന്നിലും ഇയാളാണെന്ന് അറിവായിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആര്‍ രാജേന്ദ്രന്‍ നായര്‍, എം സുരേഷ് കുമാര്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ അനീഷ് ചാക്കോ, മുഹമ്മദ് സലീം പൂവത്തി, എന്‍ എം അബ്ദുല്ല ബാബു, ദിനേശ് ഇരുപ്പക്കണ്ടന്‍, തൗഫീഖുള്ള മുബാറക്ക്, മുനീര്‍ ബാബു, പി ഹരിലാല്‍ എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടെ കേസന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it