Latest News

ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഭിന്നിക്കരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

മതേതരവും ജനാധിപത്യപരവുമായ നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഏകമുഖ ഹിന്ദുത്വ ഭീകര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അവരുടെ പരമമായ ലക്ഷ്യം. ഈ അവസരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക സാന്നിധ്യമായ മണ്ഡലങ്ങളില്‍ നാം ഒരുമിച്ചു നിന്ന് ജയസാധ്യതയുള്ള മതേതരചേരിയെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഭിന്നിക്കരുത്:  ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

കോഴിക്കോട്: നിര്‍ണായകമായ പൊതു തിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഭിന്നിക്കരുതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയം സമഗ്രാധിപത്യ മോഹങ്ങളോടെ സകല കുതന്ത്രങ്ങളുമായി വൈവിധ്യം നിറഞ്ഞ ഇന്ത്യന്‍ മണ്ണില്‍ പത്തി വിടര്‍ത്തി വിഷം ചീറ്റി നില്‍ക്കുകയാണ്. മതേതരവും ജനാധിപത്യപരവുമായ നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഏകമുഖ ഹിന്ദുത്വ ഭീകര രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അവരുടെ പരമമായ ലക്ഷ്യം. ഈ അവസരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക സാന്നിധ്യമായ മണ്ഡലങ്ങളില്‍ നാം ഒരുമിച്ചു നിന്ന് ജയസാധ്യതയുള്ള മതേതരചേരിയെ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം വിവേകപൂര്‍വമുള്ള വിട്ടുവീഴ്ചയ്ക്കും സഹകരണത്തിനും തയ്യാറാവണം. പ്രളയക്കെടുതിയില്‍നിന്ന് നാടിനെ കരകയറ്റാന്‍ നാം കാണിച്ച ഒരുമയും ജാഗ്രതയും ഒരിക്കല്‍ കൂടി പ്രകടിപ്പിക്കേണ്ട ഘട്ടമാണിത്. പ്രചാരണരംഗത്ത് ശക്തമായ ത്രികോണമല്‍സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിട്ടുള്ള തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍, ബിജെപിയുടെ മുന്നേറ്റം തടയുന്നതിനും ഫാഷിസ്റ്റ് വിരുദ്ധവോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും വേണ്ടി നടക്കുന്ന ഇടപെടലുകള്‍ക്കൊപ്പമാവണം നമ്മുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയും. സാമ്പ്രദായിക കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കതീതമായി ഫാഷിസ്റ്റ് വിരുദ്ധ നിലപാടിനാവണം ഇത്തരം മണ്ഡലങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത്.

രാജ്യത്ത് ഫാഷിസ്റ്റ് ശക്തികള്‍ വീണ്ടും അധികാരത്തിലേറാതിരിക്കുക എന്ന വിശാലമായ ദേശീയതാല്‍പ്പര്യത്തിനോട് ചേര്‍ന്നു നില്‍ക്കാന്‍ നമുക്കാവണം. അതൊടൊപ്പം, ബിജെപി നിര്‍ണായകമല്ലാത്ത മണ്ഡലങ്ങളില്‍ സംഘപരിവാര കലാപ രാഷ്ട്രീയത്തിന്റെ നേര്‍ ഇരകളായി ദുരിതമനുഭവിക്കുന്ന മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങള്‍ വിഭാവനം ചെയ്യുന്ന ആത്മാര്‍ഥമായ ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ കൂടി ഈ അവസരം വിനിയോഗിക്കണം. ഓരോ പൗരനും അവന്റെ ജനാധിപത്യാവകാശങ്ങള്‍ വകവച്ചു കിട്ടുന്ന, സാമൂഹ്യസുരക്ഷിതത്വവും സ്വസ്ഥജീവിതവും ഉറപ്പുനല്‍കുന്ന, നീതിയിലധിഷ്ഠിതമായ സാമൂഹികമാറ്റത്തിനു ഉതകുന്ന ജനകീയ ബദലാണ് ഉയര്‍ന്നുവരേണ്ടത്.

ഫാഷിസത്തിനെതിരേ പരിധികളോ, പരിമിതികളോ ഇല്ലാത്ത രാഷ്ട്രീയപ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നതാവണം യഥാര്‍ഥ ബദല്‍. രാജ്യത്തെ ബാധിച്ചിരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ തുറന്ന മനസ്സോടെ നോക്കിക്കാണുകയും പ്രലോഭനങ്ങള്‍ക്കോ സമ്മര്‍ദ്ദങ്ങള്‍ക്കോ വഴങ്ങാതെ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നിന് സംഘപരിവാര്‍ വിരുദ്ധ ബദല്‍ രാഷട്രീയത്തെ പിന്തുണക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ മതപണ്ഡിതന്മാരും സമുദായ നേതാക്കളും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നു.


Next Story

RELATED STORIES

Share it