Latest News

ലീഗ് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കില്‍ താലിബാനെപ്പോലെ പെരുമാറരുത്; കോഴിക്കോട് ലീഗ് നേതാക്കളുടെ പ്രസംഗത്തിനെതിരേ എളമരം കരീം എംപി

ലീഗ് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കില്‍ താലിബാനെപ്പോലെ പെരുമാറരുത്; കോഴിക്കോട് ലീഗ് നേതാക്കളുടെ പ്രസംഗത്തിനെതിരേ എളമരം കരീം എംപി
X

ന്യൂഡല്‍ഹി: കോഴിക്കോട് മുസ് ലിം ലീഗ് റാലിയില്‍ ലീഗ് നേതാക്കളുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം. കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌ക്കാരത്തിനും മാനവികതയ്ക്കും ഒട്ടും ചേരാത്തതാണിത്. അധികാരം നഷ്ടപ്പെട്ട ലീഗിലെ ചില ആളുകള്‍ക്ക് മാനസികനില തകരാറിലായിപ്പോയോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണ്. ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കില്‍ താലിബാനെ പോലെ പെരുമാറുകയും രാഷ്ട്രീയവേദികളില്‍ മതവിധി അനുസരിച്ചുള്ള ഫത്‌വകള്‍ പുറപ്പെടുവിക്കയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതാക്കളുടെ വാക്കുകള്‍ കേരളത്തെയാകെ നാണിപ്പിക്കുന്നതും ജനങ്ങളില്‍ അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതുമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ജാതി അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങള്‍ ലീഗിനെ പോലൊരു പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. ഡിവൈഎഫ്‌യുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും കേരളത്തിലെ പൊതുമരാമത്ത് മന്ത്രിയുമായ മുഹമദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ച വാക്ക് പൊതുസമൂഹത്തില്‍ പറയാന്‍ പോലും കൊള്ളാത്തതാണ്. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയെ പോലെ ഉന്നതനായ ഒരു നേതാവിന് പൊതുവേദിയില്‍ ഇത്തരം പദങ്ങള്‍ പ്രയോഗിക്കാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്. ലീഗിലെ ഒരു വിഭാഗം എത്രമാത്രം അധിപതിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഈ സംഭവങ്ങള്‍. ഇത് ലോകത്ത് തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഒരു ശൈലിയാണ്. താലിബാനെ പോലുള്ള മതതീവ്രവാദ സംഘടനകള്‍, മതതീവ്രവാദം പ്രചരിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തെ എങ്ങനെയാണ് വഴിതെറ്റിക്കുന്നത്, അതിന് സമാനമായ നിലയിലേയ്ക്കാണ് ലീഗ് പോയി കൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു സാഹചര്യം കേരളത്തിലുണ്ടാക്കുന്നു. മാത്രമല്ല നാളെ ഓരൊ വിഷയത്തിലും മത വിധിയനുസരിച്ചുള്ള കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന സ്ഥിതിയിലേക്ക് ലീഗ് മാറുമോ. അങ്ങനെയാണെങ്കില്‍ ഭൂരിപക്ഷ മതവര്‍ഗീയവാദികളും ഇതേ മാര്‍ഗം സ്വീകരിച്ചാല്‍ എന്താകും കേരളത്തിലെ സ്ഥിതിയെന്ന് എംപി ചോദിച്ചു.

സംഘപരിവാര്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ വലിയ ആക്രമണങ്ങളാണ് നടത്തുന്നത്. ലവ് ജിഹാദ്, ഗോരക്ഷ തുടങ്ങിയ പ്രശ്‌നങ്ങളെ ആസ്പദമാക്കി ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരെ മൃഗീയമായി കൊലപ്പെടുത്തുന്നു. ഈ അടുത്ത കാലത്ത് അയോധ്യാപ്രശ്‌നത്തിന് ശേഷം മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് അടുത്തുള്ള ഈദ്ഗാഹ് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നും ആ പള്ളി കൈയ്യേറുമെന്നും സംഘപരിവാര്‍ പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു ബിജെപി എംപി പാര്‍ലമെന്റില്‍ പ്രസംഗിച്ചത് 1991 ലെ മതസ്ഥാപനങ്ങള്‍ സംബന്ധിച്ച നിയമം റദ്ദുചെയ്യണമെന്നാണ്. എന്നുവെച്ചാല്‍ 1947 ആഗസ്ത് 15 ന് ഇന്ത്യയിലെ മതസ്ഥാപനങ്ങള്‍ ആരുടെ കൈവശമായിരുന്നോ അത് നിലനിര്‍ത്തുക എന്നതാണ് 1991 ലെ നിയമം അനുശാസിക്കുന്നത്. അത് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. ഇങ്ങനെയെല്ലാം പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രസംഗിച്ചും ന്യൂനപക്ഷ മതവിഭാഗങ്ങളിപ്പെട്ട മുസ് ലിം ക്രൈസ്തവ വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെയും ആരാധനാ സ്വാതന്ത്ര്യത്തിന് നേരെയും സംഘപരിവാര്‍ കൈയ്യേറ്റം ചെയ്യുന്നത് തീവ്ര വര്‍ഗീയ നിലപാട് ഉയര്‍ത്തിപിടിച്ചാണ്. അതേ ശൈലിയിലേക്ക് കേരളത്തിലെ മുസ് ലിം ലീഗ് പോവുകയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയ ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കണം. അവരും അംഗീകരിക്കുന്നതാണോ ഈ പ്രസംഗങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ബാധ്യത മുസ് ലിം ലീഗിനില്ലേ. മതനിരപേക്ഷ അടിത്തറയായി അംഗീകരിച്ചതാണ് ഇന്ത്യന്‍ ഭരണഘടന. പൊതുജീവിതം മതനിരപേക്ഷമാകണം. മതം വ്യക്തിപരമാണ്. ഓരോരുത്തര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. മതത്തിന്റെ അനുശാസനകള്‍ക്ക് അനുസരിച്ച് ജീവിക്കാം. പക്ഷെ പൊതുജീവിതത്തിലേക്ക് മതത്തിന്റെ ഫത്‌വകള്‍ കെട്ടിയിറക്കാന്‍ ശ്രമിച്ചാല്‍ അത് വിഭജനമുണ്ടാക്കും. മതാടിസ്ഥാനത്തില്‍ വിഭജനമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ വലിയ പരിശ്രമങ്ങള്‍ നടത്തുകയാണ്. അതിന് വളം വെയ്ക്കലാണ് ലീഗിന്റെ നേതാക്കളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലീഗൊരു രാഷ്ട്രീയ പാര്‍ടിയല്ലെ. അതല്ല മതസംഘടനയാണോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ് ലിം സമുദായത്തില്‍പ്പെട്ടവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളോ പ്രവര്‍ത്തകരോ ആയി മാറിയാല്‍ അവരൊക്കെ കാഫിറുകളാണെന്ന് ഫത്‌വ ഇറക്കുകയും അവര്‍ക്ക് മുസ് ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കരുത് എന്ന് കല്‍പ്പിക്കുകയും ഊരുവിലക്ക് കല്‍പ്പിക്കുകയും ചെയ്‌തൊരു കാലം കേരളത്തിലുണ്ടായിരുന്നു. അതെല്ലാം അതിജീവിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തില്‍ വളര്‍ന്നുവന്നത്. അന്നൊന്നും ഇത്തരം ഭീഷണിക്ക് മുന്നില്‍ വഴങ്ങാത്ത ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ലീഗിന്റെ ഏതെങ്കിലും നേതാക്കള്‍ പ്രകോപനപരമായി കല്‍പ്പിച്ചാല്‍ വഴങ്ങുമെന്ന് കരുതുന്നത് അബദ്ധമാണെന്ന് എളമരം കരിം പറഞ്ഞു.

Next Story

RELATED STORIES

Share it