Latest News

പ്രവാചകനിന്ദ നടത്തിയ ബിജെപി എംഎല്‍എ രാജാസിങ്ങിനെതിരേ ഹൈദരാബാദില്‍ കനത്ത പ്രതിഷേധം

പ്രവാചകനിന്ദ നടത്തിയ ബിജെപി എംഎല്‍എ രാജാസിങ്ങിനെതിരേ ഹൈദരാബാദില്‍ കനത്ത പ്രതിഷേധം
X

ഹൈദരാബാദ്: പ്രവാചകനെതിരേ അധിക്ഷേപ പരാമര്‍ശനം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എക്കെതിരേ ഹൈദരാബാദില്‍ കനത്ത പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രിമുതല്‍ നഗരത്തില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലാണ് പ്രതിഷേധക്കാര്‍ കൂടുതലുള്ളത്. രാജാസിങ്ങിന് ജാമ്യം ലഭിച്ചതോടെ പ്രതിഷേധം ശക്തമായി.

രണ്ടിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ചിലയിടങ്ങളില്‍ പോലിസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ അകറ്റിയത്. റോഡില്‍ ടയര്‍ കത്തിച്ചവരെയും പോലിസ് ലാത്തിവീശി ഓടിച്ചു.

കറുത്ത കൊടിയും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ചാര്‍മിനാര്‍, മദിന സര്‍ക്കിള്‍, ബര്‍ക്കാസ്, ചന്ദ്രയാനഗുട്ട, ചഞ്ചല്‍ഗുഡ, സിറ്റി കോളജ്, അഫ്‌സല്‍ ഗൂഞ്ച് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ രണ്ട് രാത്രികളിലും കനത്തതോതില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ നഗരത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. എംഎല്‍എക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ചിലര്‍ ദേശീയപതാകയുമായാണ് പ്രതിഷേധത്തിനെത്തിയത്.

ഓള്‍ഡ് സിറ്റിയില്‍ ബുധനാഴ്ച പകലും കനത്ത പ്രതിഷേധമുണ്ടായി. പോലിസ് സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കി.

റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, ഗ്രേഹൗണ്ട് തുടങ്ങിയവയെ വിന്യസിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് രാജസിങ്ങിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ജാമ്യം അനുവദിച്ചു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹത്തെ തടവിലിട്ടത്.

എംഎല്‍എക്കെതിരേ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

നാമ്പള്ളി കോടതിക്കുമുന്നില്‍ പ്രതിഷേധക്കാരും ഹിന്ദുത്വരും ഏറ്റുമുട്ടലിന്റെ വക്കിലെത്തി. എംഎല്‍എക്ക് ജാമ്യം ലഭിച്ചത് ഹിന്ദുത്വര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചതാണ് പ്രകോപനമായത്.

താന്‍ പ്രവാചകനിന്ദ നടത്തിയിട്ടില്ലെന്ന് എംഎല്‍എ അവകാശപ്പെട്ടു. മാത്രമല്ല, മുനവര്‍ ഫറൂഖിയുടെ തമാശക്കെതിരേ പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനിന്ദ നടത്തിയ എംഎല്‍എയെ ബിജെപി ചൊവ്വാഴ്ച പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്.

Next Story

RELATED STORIES

Share it