Latest News

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനക്ക് ഗവര്‍ണറുടെ ക്ഷണം

ഒക്ടോബര്‍ 24 ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്നിരുന്നെങ്കിലും അധികാര പങ്കിടുന്നതില്‍ ധാരണയാവാത്തതിനെ തുടര്‍ന്നാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണശ്രമം പാളിയത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനക്ക് ഗവര്‍ണറുടെ ക്ഷണം
X

മുംബൈ: മഹാരാഷ്ട്രയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഏറ്റവും വലിയ കക്ഷിയായ ബിജെപി ആവശ്യമായ അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യരിയെ അറിയിച്ചതിനെ തുടന്നാണ് പുതിയ നീക്കം. ശിവസേന നേതാക്കള്‍ നാളെ ഗവര്‍ണറെ കണ്ടേക്കുമെന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 24 ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്നിരുന്നെങ്കിലും അധികാര പങ്കിടുന്നതില്‍ ധാരണയാവാത്തതിനെ തുടര്‍ന്നാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണശ്രമം പാളിയത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണ് ലഭിച്ചത്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നും മുഖ്യമന്ത്രിപദവി രണ്ടര വര്‍ഷം വീതമെന്ന നിലയില്‍ തുല്യമായി വിഭജിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഇതു സംബന്ധമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ധാരണയിലെത്തിയിരുന്നുവെന്നും ശിവസേന അവകാശപ്പെടുന്നു.

എന്നാല്‍ ഇത്തരമൊരു ധാരണയുണ്ടായിരുന്നില്ലെന്നാണ് ബിജെപിയുടെ വാദം. മാത്രമല്ല, ശിവസേന നേതാവ് ഉദ്ദവ് താക്കറെ നുണ പറയുകയാണെന്ന ഗുരുതരമായ ആരോപണവും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉയര്‍ത്തി.

ജനഹിതത്തിനെതിരെയാണ് ഇപ്പോള്‍ ശിവസേന പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

ബിജെപി- ശിവസേന ധാരണ തകര്‍ന്നതിനെ തുടര്‍ന്ന് എന്‍സിപി, ശിവസേനക്ക് പിന്തുണ നല്‍കിയേക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it