Latest News

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സര്‍ക്കാര്‍ നടപടി: ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്‌സുമാരും സമരത്തിലേക്ക്

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സര്‍ക്കാര്‍ നടപടി: ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്‌സുമാരും സമരത്തിലേക്ക്
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരെടുത്ത അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്‌സുമാരും സത്യാഗ്രസമരം തുടങ്ങി. രോഗിയെ പുഴു അരിച്ച സംഭവത്തിലെ അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് കാരണം. ഒരു ദിവസത്തിനകം ഒത്ത് തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും മുന്നറിയിപ്പ്

കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള നടപടി. നോഡല്‍ ഓഫീസര്‍ അരുണയ്ക്ക് പുറമേ രോഗി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറാം വാര്‍ഡിന്റെ ചുമതലയുള്ളവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ, ആരോഗ്യപ്രവര്‍ത്തകരുടെ ക്വറന്റീന്‍ കൂടി റദ്ദാക്കിയതാണ് സമരക്കാരെ വീണ്ടും ചൊടിപ്പിച്ചത്. 10 ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താല്‍ 7 ദിവസം അവധി എന്ന ആനുകൂല്യമാണ് റദ്ദാക്കിയത്. സംഭവത്തിലെ നടപടി പിന്‍വലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെജിഎന്‍യു അനിശ്ചിതകാല സമരം തുടങ്ങിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. അതേസമയം സമരം ചെയ്യുന്ന സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാര്‍ക്ക് ഒപ്പമാണ്.




Next Story

RELATED STORIES

Share it