Sub Lead

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; മുസ്‌ലിം ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ പിടിയില്‍

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; മുസ്‌ലിം ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ പിടിയില്‍
X

കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ ഷാബിനും ടി എ സിറാജുദ്ദീനും പിടിയിലായി. മുസ്‌ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍. കേസിലെ രണ്ടാം പ്രതിയാണ് ഷാബിന്‍. ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഷാബിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് ആന്റ് പ്രിവന്റീവ് ഓഫിസില്‍ ഷാബിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് കിലോയോളം സ്വര്‍ണം കടത്തിയെന്ന കേസിലാണ് അറസ്റ്റ്.

ഇബ്രാഹിം കുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ബുധന്‍ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പകല്‍ 12.30നാണ് അവസാനിച്ചത്. സ്വര്‍ണം ദുബയില്‍ നിന്ന് കേരളത്തിലേക്ക് അയച്ച സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവും തുടങ്ങി. കെ പി സിറാജുദ്ദീനാണ് ദുബയില്‍ നിന്ന് സ്വര്‍ണം അയച്ചത്. ഇയാളുടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വര്‍ണമെത്തിയത്.

അടിയന്തരമായി ഹാജരാവണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് പ്രതികളും മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഈ മാസം 23നാണ് ദുബയില്‍ നിന്ന് കാര്‍ഗോ വിമാനത്തിലെത്തിയ രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെയെത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത്.

തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടര്‍ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്‍ണക്കട്ടികള്‍ക്ക് ഒരുകോടിക്കു മുകളില്‍ വിലവരും. പാര്‍സല്‍ ഏറ്റെടുക്കാന്‍ വാഹനവുമായെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇബ്രാഹിംകുട്ടിയുടെ വീട് റെയ്ഡ് ചെയ്ത് ലാപ്‌ടോപ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപ് പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

Next Story

RELATED STORIES

Share it