Latest News

തട്ടുകടയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴയിട്ടു; കല്ലമ്പലത്ത് അഞ്ചംഗ കുടുംബത്തിന്റെ മരണം സാമ്പത്തിക ബാധ്യതമൂലമെന്ന്

ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും (കുട്ടന്‍-46), ഭാര്യ സന്ധ്യ (36), മക്കള്‍ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്

തട്ടുകടയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴയിട്ടു; കല്ലമ്പലത്ത് അഞ്ചംഗ കുടുംബത്തിന്റെ മരണം സാമ്പത്തിക ബാധ്യതമൂലമെന്ന്
X

ആറ്റിങ്ങല്‍: കല്ലമ്പലം ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത് സാമ്പത്തിക ബാധ്യതയും കെട്ടിട ഉടമയുടെ ഭീഷണിയും മൂലമെന്ന് സംശയം. ചാത്തന്‍പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും (കുട്ടന്‍-46), ഭാര്യ സന്ധ്യ (36), മക്കള്‍ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തന്‍പാറ ജങ്ഷനിലെ മണിക്കുട്ടന്റെ തട്ടുകടയ്ക്ക് മണമ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കുട്ടന് ഇത് താങ്ങാനാവുന്നതായിരുന്നില്ല. എന്നാല്‍ പിന്നീട് ഈ തുക 5000 രൂപയാക്കി കുറച്ചുകൊടുത്തെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.

അതേസമയം, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വ്യാജ പരാതി കൊടുത്ത് പിഴ ചുമത്തിയതിന് പിന്നില്‍ കെട്ടിട ഉടമയായിരുന്നു എന്നാണ് അറിയുന്നത്. പോത്തിറച്ചിയ്ക്ക് പകരം പ്ട്ടിയിറച്ചിയാണ് നല്‍കുന്നതെന്നായിരുന്നു പരാതി. എന്നാല്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഇത് തള്ളിയിരുന്നു.

മണമ്പൂര്‍ പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരുമായി കെട്ടിട ഉടമയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധമുപയോഗിച്ച് ജീവനക്കാരെ സ്വാധീനിച്ച് വന്‍തുക തട്ടുകടയ്ക്ക് പിഴ ചുമത്തുകയായിരുന്നു എന്നാണ് ആക്ഷേപം.

ഈ സംഭവത്തിന് പുറമെ, കെട്ടിട ഉടമ നിരന്തരം കട ഒഴിയാന്‍ കുട്ടനെ നിര്‍ബന്ധിച്ചിരുന്നു. ഇതുസംബന്ധിച്ച് കുട്ടനും ഉടമയുമായി കേസുണ്ട്. നേരത്തെ ഉടമ ആവശ്യപ്പെട്ടപ്പോഴെല്ലാം കുട്ടന്‍ വാടക കൂട്ടി നല്‍കിയിരുന്നു. എന്നാല്‍, ഈ അടുത്ത് കുട്ടന്റെ തട്ടുകടയോട് ചേര്‍ന്ന് ബിവറേജസിന്റെ ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അതോടെ, കട ഒഴിയാന്‍ കെട്ടിട ഉടമയുടെ ഭീഷണിപ്പെടുത്തലും തുടങ്ങി. പെട്ടന്ന് മറ്റൊരു കടമുറി ലഭിക്കാന്‍ ബുദ്ധിമുട്ടായതും കുട്ടനെ വലച്ചു. ഇതും ആത്മഹത്യയ്ക്ക് ഇടയ്ക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായ കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര്‍ വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടെത്തിയത്. കടയിലെ ജീവനക്കാരന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ദേശീയപാതയില്‍ വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടയായിരുന്നു കുട്ടന്റേത്.

തട്ടുകട ഉടമ ജീവനൊടുക്കുന്നതിന് കെട്ടിട ഉടമ കാരണമായെന്ന് ആരോപിച്ച് വ്യാപാരി വ്യവസായികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്, മൃതദേഹം മണമ്പൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ വെയ്ക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

Next Story

RELATED STORIES

Share it