Latest News

ജീവന്‍ രക്ഷാമരുന്നുകളുമായുള്ള ആദ്യ വിമാനം അഫ്ഗാനിലെത്തി; ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാന്‍

ജീവന്‍ രക്ഷാമരുന്നുകളുമായുള്ള ആദ്യ വിമാനം അഫ്ഗാനിലെത്തി; ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാന്‍
X

കാബൂള്‍: 1.6 മെട്രിക് ടണ്ണിന്റെ ജീവന്‍ രക്ഷാമരുന്നുമായി വിമാനം ശനിയാഴ്ച കാബൂളിലെത്തിയതിനു പിന്നാലെ ഇന്ത്യക്ക് നന്ദിപറഞ്ഞ് താലിബാന്‍ ഭരണകൂടം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വിലപ്പെട്ടതാണെന്ന് താലിബാന്‍ ഇന്ത്യക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍നിന്ന് കാബൂളിലേക്ക് പ്രത്യേക വിമാനത്തിലാണ് മരുന്ന് എത്തിച്ച് നല്‍കിയത്.

ബുദ്ധിമുട്ടേറിയ കാലത്ത് ഒപ്പം നിന്നതിന് ഇന്ത്യയുടെ അഫ്ഗാന്‍ അംബാസിഡര്‍ ഫരീദ് മാമുന്‍ഡ്‌സി ഇന്ത്യയോട് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.

''എല്ലാ കുട്ടികള്‍ക്കും അവര്‍ വിശ്വസിക്കുന്നവരില്‍ നിന്ന് കുറച്ച് സഹായം വേണം. ആദ്യ കണ്‍സൈന്‍മെന്റ് ശനിയാഴ്ചയാണ് കാബൂളിലെത്തിയത്. 1.6 മെട്രിക് ടണ്‍ ജീവന്‍ രക്ഷാമരുന്നാണ് അതിലുള്ളത്. അത് അഫ്ഗാനിലെ പല കടുംബങ്ങള്‍ക്കും ഈ ഗതികെട്ട സമയത്ത് സഹായമാവും.- അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യയെ പ്രദേശത്തെ ഏറ്റവും പ്രധാന രാജ്യമെന്ന് വിശേഷിച്ച ഇസ് ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ ഉപ വക്താവ് അഹമ്മദുല്ല വാസിക് ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം സുപ്രധാനമാണെന്ന് വിശേഷിപ്പിച്ചു.

അഫ്ഗാനിസ്താനില്‍ തുടരുന്ന മാനുഷികപ്രതിസന്ധി പരിഗണിച്ചാണ് മരുന്നും മറ്റ് അവശ്യവസ്തുക്കളും അഫ്ഗാനിലേക്കയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തെത്തിച്ച് മടങ്ങുന്ന വിമാനത്തിലാണ് മരുന്ന് കൊടുത്തയച്ചത്.

വെളളിയാഴ്ചയാണ് 10 ഇന്ത്യക്കാരും 94 അഫ്ഗാന്‍കാരുമായി വിമാനം ഡല്‍ഹിയിലെത്തിയത്. സിഖ്, ഹിന്ദു മതവിഭാഗത്തില്‍ പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഓപറേഷന്‍ ദേവി ശക്തിയെന്ന് പേരിട്ടുവിളിക്കുന്ന പദ്ധതിവഴിയാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുന്നത്. അഫ്ഗാന്‍ ദേവി ശക്തി വഴി ഇതുവരെ 669 പേര്‍ രാജ്യത്തെത്തി.

Next Story

RELATED STORIES

Share it