Latest News

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്‍: മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ആദ്യ കരട് പട്ടിക ജൂണ്‍ പത്തിന് പുറത്തിറക്കും

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്‍: മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍
X

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രീയ അന്തിമഘട്ടത്തിലെത്തിയതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ആദ്യ കരട് പട്ടിക ജൂണ്‍ പത്തിന് പുറത്തിറക്കും. തുടര്‍ന്ന് രണ്ട് തവണകളായി അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടാകും. ആദ്യ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭയിലെ അപേക്ഷകര്‍ക്ക് നഗരസഭാ സെക്രട്ടറിക്കും അപ്പീല്‍ നല്‍കാം. ജൂണ്‍ 14 വരെ അപ്പീല്‍ നല്‍കാം. 10 ദിവസത്തിനുള്ളില്‍ ഈ അപ്പീല്‍ തീര്‍പ്പാക്കും. അപ്പീല്‍ തള്ളപ്പെട്ടവര്‍ക്കും ആദ്യഘട്ടത്തില്‍ അപ്പീല്‍ നല്‍കാത്തവര്‍ക്കും രണ്ടാം ഘട്ടത്തില്‍ ജൂണ്‍ 30നുള്ളില്‍ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഈ അപ്പീലുകള്‍ ജൂലൈ 14നകം തീര്‍പ്പാക്കാനും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കി.

രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പരിശോധനയ്ക്ക് വിധേയമാക്കും. പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയാല്‍ ഗ്രാമസഭകള്‍ക്ക്/ വാര്‍ഡ് സഭകള്‍ക്ക് അവരെ ഒഴിവാക്കാന്‍ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികള്‍ പരിഗണിക്കും. ആഗസ്റ്റ് 10നുള്ളില്‍ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികള്‍ അംഗീകാരം നല്‍കും. ശേഷം ആഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയത് അനുസരിച്ച് 9,20,260 പേരാണ് അപേക്ഷിച്ചത്. തദ്ദേശ സ്ഥാപന തലത്തില്‍ പരിശോധന നടത്തി 5,81,689 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. ജില്ലാ തലത്തില്‍ ഈ പട്ടിക സൂപ്പര്‍ ചെക്കിങ് നടത്തിയപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 5,01,652 ആയി. ഇവരില്‍ 3,24,328 പേര്‍ ഭൂമിയുള്ളവരും 1,77,324 പേര്‍ ഭൂമിയില്ലാത്തവരും ആണ്. ഈ കരട് പട്ടികയിന്മേലാണ് ആക്ഷേപാഭിപ്രായങ്ങള്‍ ക്ഷണിക്കുന്നത്.

കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവര്‍ത്തനവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കും. 20808 വീടുകളുടെ കൂടി താക്കോല്‍ കൈമാറിയതോടെ ലൈഫില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം 2,95,006 ആയി. 34,374 വീടുകളുടെയും 4 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it