Latest News

അച്ഛനും മകള്‍ക്കും ക്രൂരമര്‍ദ്ദനം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു

അച്ഛനും മകള്‍ക്കും ക്രൂരമര്‍ദ്ദനം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു
X

തിരുവനന്തപുരം: കാട്ടാക്കടയില്‍ പിതാവിനെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പോലിസ് അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് ആക്ഷേപം. പ്രതികള്‍ വിവിധ യൂനിയനുകളില്‍പ്പെട്ടവരായതിനാലാണ് പോലിസിന്റെ മെല്ലെപ്പോക്കെന്നാണ് സൂചന. കാട്ടാക്കട സ്വദേശി പ്രേമനനും മകള്‍ക്കുമാണ് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. പ്രേമനെ മര്‍ദ്ദിച്ച മെക്കാനിക്കല്‍ ജീവനക്കാരനെതിരേ വകുപ്പുതല നടപടി ഉടനുണ്ടാവുമെന്ന് അധികൃതര്‍ പറയുന്നത്.

ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നെങ്കിലും വകുപ്പുതല നടപടിയെടുത്തിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നടപടിയിലേക്ക് നീങ്ങുന്നത്. നിലവില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. പ്രേമനന്റെ മകളെ കൈയേറ്റം ചെയ്തുവെന്നതാണ് പുതിയ കുറ്റം.

പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാര്യം എഫ്‌ഐആറില്‍ നേരത്തെ പരാമര്‍ശിച്ചിരുന്നില്ല. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുന്നില്‍ വച്ചാണ് ജീവനക്കാര്‍ പിതാവിനെ കൈയേറ്റം ചെയ്തത്. പ്രതികള്‍ക്കെതിരേ നേരത്തെ ചുമത്തിയ അഞ്ച് വകുപ്പുകളും സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്നവയായിരുന്നു.

Next Story

RELATED STORIES

Share it