Latest News

സംസ്‌കൃത സര്‍വകലാശാലയില്‍ കര്‍ഷകസമര ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ നശിപ്പിച്ചു; ചോദ്യം ചെയ്ത എഐഎസ്എഫുകാര്‍ക്ക്, എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം

സംസ്‌കൃത സര്‍വകലാശാലയില്‍ കര്‍ഷകസമര ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ നശിപ്പിച്ചു; ചോദ്യം ചെയ്ത എഐഎസ്എഫുകാര്‍ക്ക്, എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം
X

എറണാകുളം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത എഐഎസ്എഫ്കാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച എഐഎസ്എഫ് പോസ്റ്ററുകളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗവും ഗവേഷക വിദ്യാര്‍ത്ഥിയുമായ എ എ സഹദ്, എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സാദിഖ് എന്‍ മുഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗവും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പാറപ്പുറം ഡിവിഷന്‍ മെമ്പറുമായ കെ വി അഭിജിത്ത്, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുണ്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാംപസ്സിനു പുറത്തുനിന്നെത്തിയവരുള്‍പ്പെടെ മയക്കുമരുന്ന് ഗുണ്ടാ ക്രിമിനല്‍ പശ്ചാത്തലമുള്ള ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംഘടന പുറത്തുവിട്ട പ്രസ്താവനയനുസരിച്ച് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ട് എഐഎസ്എഫ് സര്‍വ്വകലാശാല യൂണിറ്റ് ബാനറുകള്‍ കെട്ടിയിരുന്നു. ഇവ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിരവധി തവണ നശിപ്പിച്ചു. നാട്ടില്‍ ബിജെപിയിലും സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐയിലും പ്രവര്‍ത്തിക്കുന്ന ആളായിരുന്നു ഇതിനു പിന്നില്‍. സംഭവം നേതാക്കള്‍ എസ്എഫ്‌ഐ ഭാരവാഹികളെ അറിയിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരെ തള്ളിപ്പറയാതെ സംഘപരിവാര്‍, എസ്എഫ്‌ഐ ബന്ധം പുറത്തായത്തിന്റെ വൈരാഗ്യത്തിലാണ് സംഘടിതമായി തങ്ങളെ മര്‍ദ്ദിച്ചതെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കാംപസ്സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്‌ഐ നിലപാട് അപലപനീയമാണെന്നും ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നതിന് ബിജെപിക്കാരെ ചേര്‍ത്തുപിടിക്കുന്നതും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്ന ബാനറുകള്‍ നശിപ്പിക്കുന്നതും ഇടതുപക്ഷ നയമല്ലെന്നും എഐഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡന്റ് എ എസ് അഭിജിത്തും ജില്ലാ സെക്രട്ടറി എം ആര്‍ ഹരികൃഷ്ണനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it