Latest News

സാമ്പത്തിക സംവരണം പങ്കാളിത്ത ജനാധിപത്യത്തെ തകര്‍ക്കും: പോപുലര്‍ ഫ്രണ്ട്

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുന്നതോടെ സംവരണമെന്ന ആശയത്തിന്റെ യുക്തിയെ ആണ് ചോദ്യംചെയ്യുന്നത്.

സാമ്പത്തിക സംവരണം പങ്കാളിത്ത  ജനാധിപത്യത്തെ തകര്‍ക്കും: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പങ്കാളിത്ത ജനാധിപത്യമെന്ന സങ്കല്‍പ്പത്തെ തകര്‍ക്കുന്നതും സാമൂഹികനീതിക്കായുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രമാണ് സംവരണമെന്ന് ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുന്നതോടെ സംവരണമെന്ന ആശയത്തിന്റെ യുക്തിയെ ആണ് ചോദ്യംചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗ സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജ്ജന പരിപാടിയല്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ടവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് സംവരണം നടപ്പാക്കിയത്. സമൂഹത്തില്‍ പിന്നാക്കം നിന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് അത് ലക്ഷ്യം വയ്ക്കുന്നത്. ജാതി, സമുദായം എന്നിവയെ പോലെ വ്യക്തികളുടെ സാമ്പത്തികാവസ്ഥ സ്ഥിരമായി നിലനില്‍ക്കുന്നതല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ലഭ്യമാക്കുന്നത് യുക്തിസഹമല്ല.നമ്മുടെ രാജ്യത്ത് ദാരിദ്ര്യം പോലും ജാതിയുടെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. സാമ്പത്തികം മാനദണ്ഡമാക്കിയുള്ള സംവരണത്തെ തള്ളിക്കളഞ്ഞ 1992ലെ ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധിക്കെതിരാണ് ഇപ്പോഴത്തെ നീക്കം. മറുവശത്ത്, വിവിധ ക്ഷേമപദ്ധതികളിലൂടെ ജാതി, മത വിവേചനം കൂടാതെ രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിലവിലെ സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ക്കാതെ വേണം ഇത് നടപ്പാക്കാന്‍.

വോട്ടര്‍മാര്‍ക്കു മുമ്പില്‍ നിരത്താന്‍ ഒന്നുമില്ലാതെ അഞ്ചുവര്‍ഷം പാഴാക്കിയ ബിജെപി സര്‍ക്കാര്‍ രാജ്യത്തെ മുന്നാക്ക ജാതിക്കാരെയും സംവരണ വിരുദ്ധരെയും പ്രീണിപ്പിക്കാന്‍ നടത്തുന്ന അവസാനഘട്ട ശ്രമമാണ് ഇപ്പോഴത്തെ നീക്കം. മേല്‍ജാതി വിഭാഗക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെ ബിജെപി നടത്തുന്ന സംവരണ വിരുദ്ധ ഗൂഢാലോചനക്കെതിരേ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഐക്യപ്പെടണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it