Latest News

വിദ്യാര്‍ത്ഥികളുമായി സംവാദം: മുഖ്യമന്ത്രിയുടെ കാമ്പസ് സന്ദര്‍ശന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി സര്‍വകലാശാലയില്‍

വിദ്യാര്‍ത്ഥികളുമായി സംവാദം: മുഖ്യമന്ത്രിയുടെ കാമ്പസ് സന്ദര്‍ശന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി സര്‍വകലാശാലയില്‍
X

കൊച്ചി: കേരളത്തിലെ 5 സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയുടെ ആദ്യ ഘട്ടം ഇന്ന് ഫെബ്രുവരി 1ന് പതിനൊന്ന് മണിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടക്കും. ഇന്നത്തെ സംവാദത്തില്‍ കുസാറ്റ്, ന്യുവാല്‍സ്, കെ.ടി.യു, ആരോഗ്യ സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

നവകേരളം യുവകേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയ സംവാദത്തിന്റെ ആദ്യ പരിപാടിയാണ് കൊച്ചി സര്‍വകലാശാലയില്‍ നടക്കുന്നത്. ഫെബ്രുവരി ആറ്, എട്ട്, 11, 13 തീയതികളിലാണ് അടുത്ത പരിപാടി. ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും എട്ടാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശം സമര്‍പ്പിക്കും. ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്ജ് എം.എല്‍.എ, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി.എസ് പ്രദീപ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായി എത്തും. പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ 'ഇന്‍സ്പയര്‍ കേരള' എന്ന പ്രത്യേക ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആറാം തീയതി കേരളസര്‍വ്വകലാശാലയില്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. എട്ടിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തുന്ന പരിപാടിയില്‍ എം.ജി, സംസ്‌കൃത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

11ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കാലിക്കറ്റ്, കാര്‍ഷിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ പരിപാടിയുടെ ഭാഗമാകും. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 13ലെ മീറ്റില്‍ കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it