Latest News

ധര്‍മ്മസ്ഥലയിലെ കൊലപാതകക്കേസ്: എസ്‌ഐടി ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു

ധര്‍മ്മസ്ഥലയിലെ കൊലപാതകക്കേസ്: എസ്‌ഐടി ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു
X

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല കൊലപാതകക്കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു. 3,923 പേജുള്ള റിപോര്‍ട്ടാണ് ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച മാണ്ഡ്യ സ്വദേശിയായ ചിന്നയ്യ ഉള്‍പ്പെടെ ആറ് പേരെ എസ്‌ഐടി പ്രതിചേര്‍ത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേട്ട ശേഷം, ജഡ്ജി നവംബര്‍ 21 ലേക്ക് വാദം കേള്‍ക്കല്‍ മാറ്റിവച്ചു. ചിന്നയ്യ, മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി, വിത്തല്‍ ഗൗഡ (സൗജന്യയുടെ പിതാവ്), സുജാത ഭട്ട് എന്നീ ആറ് പേരെയാണ് റിപോര്‍ട്ടില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ സംബന്ധിച്ച് ഒരു അധിക അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കാന്‍ എസ്‌ഐടി കോടതിയുടെ അനുമതി തേടി.

ധര്‍മ്മസ്ഥല ഗ്രാമത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും നിരവധി മൃതദേഹങ്ങള്‍ താന്‍ തന്നെ കുഴിച്ചിട്ടിട്ടുണ്ടെന്നും ചിന്നയ്യ എന്നയാള്‍ അവകാശപ്പെട്ടിരുന്നു. ശവങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ അറിയാമെന്നും ധര്‍മ്മസ്ഥല വനത്തില്‍ ഒരു മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയെന്നും ചിന്നയ്യ പറഞ്ഞിരുന്നു. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

ജൂലൈ 11 ന്, അഭിഭാഷകരും അനുയായികളും ചേര്‍ന്ന് ചിന്നയ്യയെ ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കി. ജൂലൈ 20 ന്, കേസില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഒരു എസ്‌ഐടി രൂപീകരിക്കുകയായിരുന്നു. സംഭവത്തില്‍ ഏകദേശം 120 ദിവസത്തെ അന്വേഷണമാണ് എസ്‌ഐടി നടത്തിയത്.

ജൂലൈ 27 ന് ധര്‍മ്മസ്ഥലയിലെ 13 സ്ഥലങ്ങളില്‍ ഖനനമുള്‍പ്പെടെയുള്ള അന്വേഷണം ആരംഭിച്ചു. ജൂലൈ 31 ന് ആറാമത്തെ സ്ഥലത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. മറ്റ് സ്ഥലങ്ങളില്‍ കാര്യമായ കണ്ടെത്തലുകളൊന്നും ലഭിച്ചില്ല. കേസ് മറ്റു വഴികളിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ സംശയങ്ങള്‍ വര്‍ധിച്ച എസ്‌ഐടി ചിന്നയ്യയെ ചോദ്യം ചെയ്യുകയും പിന്നീട് ഇയാളെ പ്രതി ചേര്‍ക്കുകയുമായിരുന്നു. കെട്ടുകഥയുണ്ടാക്കാന്‍ ചിന്നയ്യ ഗൂഡാലോചന നടത്തിയെന്ന് എസ്‌ഐടി കണ്ടെത്തി.

Next Story

RELATED STORIES

Share it