Latest News

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; ഉന്നതതല സംഘം അന്വേഷിക്കും

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; ഉന്നതതല സംഘം അന്വേഷിക്കും
X

പത്തനംതിട്ട: തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നതതല സംഘത്തെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്‌സ് മൂലം സാധാരണ ഗതിയില്‍ മരണമുണ്ടാവാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്‌സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരില്‍ ചികില്‍സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കിപോക്‌സ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് ശനിയാഴ്ചയാണ് ബന്ധുക്കള്‍ തൃശൂരിലെ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്. ജൂലൈ 21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 27 ന് മാത്രമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. എന്തുകൊണ്ട് ആശുപത്രിയില്‍ ചികില്‍സ തേടാന്‍ വൈകിയെന്നതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കും.

യുവാവിന്റെ സാംപിള്‍ ഒരിക്കല്‍ കൂടി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിക്കും. പകര്‍ച്ചവ്യാധിയാണെങ്കിലും മങ്കി പോക്‌സിന് വലിയ വ്യാപനശേഷി ഇല്ല. എങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും കാര്യമായ രോഗത്തെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 21നാണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ആദ്യം ചികില്‍സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശൂരിലെ സ്വകാര്യാശുപത്രിയിലെത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ഇന്നലെ മരിച്ചു. സംശയത്തെ തുടര്‍ന്നാണ് സ്രവ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്.

Next Story

RELATED STORIES

Share it