Latest News

കൊവിഡ് 19: വയനാട്ടില്‍ ലോക് ഡൗണ്‍ പൂര്‍ണം, തൊവരിമല സമരക്കാരും താല്‍ക്കാലികമായി സമരം നിര്‍ത്തി

രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ പൊതു ഗതാഗതം പൂര്‍ണമായി നിലച്ചു. ചരക്കുവാഹനങ്ങളും കാര്യമായി ഓടിയില്ല.

കൊവിഡ് 19: വയനാട്ടില്‍ ലോക് ഡൗണ്‍ പൂര്‍ണം, തൊവരിമല സമരക്കാരും താല്‍ക്കാലികമായി സമരം നിര്‍ത്തി
X

പി സി അബ്ദുല്ല

കല്‍പറ്റ: കൊറോണ വ്യാപനത്തിനെതിരായ സര്‍ക്കാര്‍ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ച് മലയോര ജില്ല. വയനാട്ടില്‍ നാടും നഗരവും വിജനമായി. നാമ മാത്ര സ്വകാര്യ വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ. ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും നിയന്ത്രണങ്ങള്‍ പാലിച്ചാണ് കടകള്‍ തുറന്നത്. എന്നാള്‍, ഹോട്ടലുകള്‍ അടഞ്ഞുകിടന്നു.

രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ പൊതു ഗതാഗതം പൂര്‍ണമായി നിലച്ചു. ചരക്കുവാഹനങ്ങളും കാര്യമായി ഓടിയില്ല.

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലിസ് കേസെടുത്തു. കേണിച്ചിറ പോലിസ് സ്‌റ്റേഷനില്‍ രണ്ട്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20 ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ചടങ്ങുകളോ മറ്റോ നടത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ബര്‍ത്ത് ഡെ പാര്‍ട്ടി നടത്തിയ വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടില്‍ നിപുവിനെതിരേ കേസെടുത്തു.

നിരോധനാജ്ഞ ലംഘിച്ച് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിന് വൈത്തിരി ടൗണിലുള്ള ടോപ് സ്റ്റാര്‍ ഹോട്ടല്‍ ഉടമ നിസാറിനെതിരേ വൈത്തിരി പോലീസ് കേസെടുത്തു.

കൊവിഡ് 19 റിപോര്‍ട്ട് ചെയ്ത അയല്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് തിരിച്ചെത്തിയ ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ െ്രെടബല്‍ വകുപ്പിന് നിര്‍ദേശം നല്‍കി. വീടുകളില്‍ തനിച്ചു കഴിയാന്‍ നിര്‍ദേശിക്കപ്പെട്ട ഇവര്‍ക്ക് വീടുകളില്‍ അതിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പലരും കുടിലുകളിലാണ് കഴിയുന്നത്. െ്രെടബല്‍ ഹോസ്റ്റലുകള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്.അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ എത്തുന്ന പട്ടികവര്‍ഗ വിഭാഗക്കാരുടെ സഹായത്തിനായി പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിക്കും. നിരീക്ഷണത്തിന് നിര്‍ദേശികപ്പെടുന്നവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് ഏര്‍പെടുത്തി.

കൊറോണ രോഗ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി കലക്ടറേറ്റിനു മുന്‍പില്‍ സമരം നടത്തുന്ന തൊവരിമല ഭൂസമരക്കാര്‍ സമരപന്തലില്‍ നിന്ന് തല്‍ക്കാലം മാറി. സുരക്ഷാര്‍ത്ഥം മാറി നില്‍ക്കണമെന്ന ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശം മാനിച്ചാണ് തീരുമാനമെടുത്തത്. അയല്‍ജില്ലകളിലും കുടകിലും കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അവിടങ്ങളിലുളളവര്‍ സമര പന്തലിലെത്തുന്നത് സമരക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് മാറി നില്‍ക്കാന്‍ ജില്ലാ ഭരണകുടം നിര്‍ദേശിച്ചത്.

ഇതേതുടര്‍ന്ന് സമര സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച്ച രാവിലെ ജില്ലാ കലക്ടറുടെ ചേബറിലെത്തി സന്നദ്ധത അറിയിച്ചു. സമരക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, സോപ്പ്, സാനിറ്റെസര്‍, മാസ്‌ക്ക് തുടങ്ങിയവ ജില്ലാ ഭരണകൂടം വിതരണം ചെയ്തു. സമരക്കാര്‍ സ്വന്തം കോളനികളിലേക്കാണ് മടങ്ങിയത്.

Next Story

RELATED STORIES

Share it