Latest News

കൊവിഡ് 19 വ്യാപനം: കേന്ദ്രത്തിന്റെ കണക്കുകള്‍ വിശ്വസനീയമല്ലെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി

21 ദിവസത്തെ ലോക്ഡൗണ്‍ നല്ല രീതിയില്‍ നടപ്പാക്കാനാകുമെങ്കില്‍ ഫലപ്രദമാവും. അത് വൈറസ് പ്രസരണത്തെ വലിയ തോതില്‍ കുറക്കുകയും ആരോഗ്യമേഖലയുടെ മുകളിലുള്ള സമ്മര്‍ദ്ദത്തെ കുറക്കുകയുംചെയ്യും.

കൊവിഡ് 19 വ്യാപനം: കേന്ദ്രത്തിന്റെ കണക്കുകള്‍ വിശ്വസനീയമല്ലെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ 580 പേര്‍ക്കു മാത്രമേ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളു എന്ന സര്‍ക്കാര്‍ വാദത്തെ തളളി മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ സുജാത റാവു. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ ആഗോള കൊവിഡ് വ്യാപനവുമായി തട്ടിച്ചുനോക്കുമ്പോള്‍ വിശ്വസനീയമല്ലെന്നും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

''ഇന്ത്യ കൊറോണബാധിതരുടേതെന്ന് പറഞ്ഞ് പുറത്തുവിടുന്ന കണക്കുകള്‍ വളരെ കുറവാണ്. അത് യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതല്ല. അധികാരികള്‍ ഉടന്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളും ടെസ്റ്റിങും ഊര്‍ജ്ജിതപ്പെടുത്തണം. ശരിയായ കണക്കുകള്‍ കണ്ടെത്തണം.''- സുജാത റാവു പറഞ്ഞു.

അല്പം വൈകിയാണെങ്കിലും കേന്ദ്രം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുവെന്നുതന്നെയാണ് അവരുടെ അഭിപ്രായം. 21 ദിവസത്തെ ലോക്ഡൗണ്‍ നല്ല രീതിയില്‍ നടപ്പാക്കാനാകുമെങ്കില്‍ ഫലപ്രദമാവും. അത് വൈറസ് പ്രസരണത്തെ വലിയ തോതില്‍ കുറക്കുകയും ആരോഗ്യമേഖലയുടെ മുകളിലുള്ള സമ്മര്‍ദ്ദത്തെ കുറക്കുകയുംചെയ്യും. പ്രഖ്യാപിച്ചതുകൊണ്ടു മാത്രമായില്ല, അത് ഗൗരവത്തോടെ നടപ്പാക്കുകയും വേണം.

നിലവില്‍ പ്രധാനമന്ത്രി 15000 കോടി രൂപ കൊവിഡ് 19നു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. 40000 കൂടുതല്‍ കേസുകളില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയാണെങ്കില്‍ ഇതില്‍ കൂടുതല്‍ പണം അനുവദിക്കേണ്ടിവരും. ജിഡിപിയുടെ 1.3ശതമാനം എന്നതില്‍ നിന്ന് പൊതുജനാരോഗ്യമേഖലയ്ക്ക് ഇന്ത്യ 2 ശതമാനമെങ്കിലും നീക്കിവെക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ഇന്ത്യ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കണം. എങ്കില്‍ മാത്രമേ പ്രശ്‌നത്തെ നേരിടാനാവൂ. സ്ഥിതിഗതികള്‍ ഗുരുതരമാണെങ്കില്‍ മറ്റ് ചെലവുകള്‍ വെട്ടിക്കുറച്ച് പൊതുജനാരോഗ്യത്തിന് പണം ഒഴുക്കണം.

അതേസമയം ലോകാരോഗ്യസംഘടന കൂടുതല്‍ ടെസ്റ്റിന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന ഐസിഎംആര്‍ വാദത്തോട് അവര്‍ ശക്തമായി വിയോജിച്ചു, പ്രത്യേകിച്ച് ഐസിഎംആര്‍ ഡയറക്ടര്‍ ജനറലിന്റെ വാദങ്ങള്‍. അദ്ദേഹം എല്ലാം നിഷേധിക്കുകയാണെന്നും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധി നേരിടുന്നതില്‍ കേരളം എടുത്ത നടപടികളെ അവര്‍ അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്.

ഇന്ത്യയിലെ ചേരികള്‍ കൊവിഡ് 19വ്യാപനത്തില്‍ വലിയ ഭീഷണിയാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ഓരോ മുറിയിലും അഞ്ചില്‍ കൂടുതല്‍ പേരുണ്ടാവും. അവരില്‍ പലരും വെള്ളത്തിനു മറ്റും പല ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. അത് ശരിയായ രീതിയില്‍ നടപ്പാക്കാനായില്ലെങ്കില്‍ ദുരന്തമായിരിക്കും ഫലം.

Next Story

RELATED STORIES

Share it