Latest News

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
X

റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡ് പോലിസ് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് കോടതി തള്ളി. ജൂലൈ 25ന് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ വന്ദന, പ്രീതി എന്നിവര്‍ റിമാന്‍ഡില്‍ തുടരും.

സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഗാര്‍ഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഹിന്ദുത്വസംഘം ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

മലയാളി കന്യാസ്ത്രീകള്‍ക്കുനേരെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപിമാര്‍. എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നീ എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി പോയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും അനുമതി ലഭിച്ചിരുന്നു.

പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12.30 നും 12.40നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശമനുസരിച്ച് അനുമതി നിഷേധിച്ചതായും അനുമതി നല്‍കുന്ന കാര്യം നാളെ പരിഗണിക്കാമെന്നു പറഞ്ഞതായും എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

അതേസമയം, ബിജെപി നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നു വന്ന സംഘത്തിന് കന്യാസ്ത്രീമാരെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചതായും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പിന്നീട് എംപിമാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്നാണ് കന്യാസ്ത്രീകളെ കാണാനുള്ള അനുമതിയും ലഭിച്ചത്.

Next Story

RELATED STORIES

Share it