Latest News

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ ഡോ. വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ ഡോ. വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്
X

കണ്ണൂര്‍: കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ പ്രഫ. എം എന്‍ വിജയന്റെ മകന്‍ ഡോ. വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന്റെ ഗേറ്റിന് സമീപമാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്. അനില്‍ കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച സംഭവത്തില്‍ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ അപലപിച്ചു. 'കുത്രന്ത്രികള്‍ എന്നപോലെ ബുദ്ധിശൂന്യരും ഏതു ചേരിയിലും ഉണ്ടാകാം. ഒരു കാര്യത്തില്‍ എനിക്കുറപ്പുണ്ട്. കണ്ണപുരത്തുള്ള ഒരാളും അങ്ങനെയൊരു പ്രവര്‍ത്തി ചെയ്യില്ല. വി എസ് അനില്‍കുമാറിന്റെ വീടിനു മുന്നില്‍ റീത്തു വെച്ച നീചമായ നടപടിയെ ശക്തമായി അപലപിക്കുന്നു'. അശോകന്‍ ചരുവില്‍ കുറിച്ചു.

അശോകന്‍ ചരുവിലിന്റെ കുറിപ്പ്:

സത്യാനന്തരകാലം ആരംഭിക്കുന്നതിനെല്ലാം വളരെ മുന്‍പ് എഴുതപ്പെട്ട ഒരു കഥയാണ്. ജീവിതവും ചരിത്രവും അത്രമേല്‍ കൂടിച്ചേര്‍ന്ന ഒരു കഥ. ഭീഷ്മാസാഹ്നിയുടെ പ്രസിദ്ധമായ 'തമസ്' എന്ന നോവല്‍ ആരംഭിക്കുന്നത് രാത്രിയില്‍ ചേരിയിലെ തന്റെ കുടിലില്‍ ഒരാള്‍ ഒരു പന്നിയെ കൊല്ലുന്ന രംഗത്തോടെയാണ്. പന്നിയെ കൊന്ന് തന്നെ ഏല്‍പ്പിക്കണമെന്ന് ഗ്രാമത്തിലെ ഒരു പ്രമുഖന്‍ അയാളോട് ആവശ്യപ്പെട്ടിരുന്നു.

ഏല്‍പ്പിച്ച പ്രവര്‍ത്തി ചെയ്ത് പ്രതിഫലം വാങ്ങി ആ തുകക്ക് മദ്യപിച്ച് അയാള്‍ ഉറങ്ങാന്‍ കിടന്നു. പിന്നെ അയാള്‍ ഉണര്‍ന്നത് വൈകുന്നേരമാണ്. അപ്പോഴേക്കും അയാളുടെ ചേരി മാത്രമല്ല; ആ ഗ്രാമവും ആ നാടും കത്തിയെരിഞ്ഞു കഴിഞ്ഞിരുന്നു. ഈയിടെ ആദരണീയനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറക്കു മുന്നില്‍ എല്‍ഡിഎഫ് പ്രചരണബോര്‍ഡ് വെച്ച വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ ഭീഷ്മസാഹ്നിയെ ഓര്‍ത്തു.

ഇപ്പോള്‍ വി.എസ്.അനില്‍കുമാറിന്റെ വീടിനു മുന്നിലെ റീത്ത് വാര്‍ത്ത വായിച്ചപ്പോഴും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല; എന്തും സംഭവിക്കാം. കാലം അതാണ്. കുത്രന്ത്രികള്‍ എന്നപോലെ ബുദ്ധിശൂന്യരും ഏതു ചേരിയിലും ഉണ്ടാകാം. ഒരു കാര്യത്തില്‍ എനിക്കുറപ്പുണ്ട്. കണ്ണപുരത്തുള്ള ഒരാളും അങ്ങനെയൊരു പ്രവര്‍ത്തി ചെയ്യില്ല. വി.എസ്.അനില്‍കുമാറിന്റെ വീടിനു മുന്നില്‍ റീത്തു വെച്ച നീചമായ നടപടിയെ ശക്തമായി അപലപിക്കുന്നു.

Next Story

RELATED STORIES

Share it