Latest News

കൊറോണ വ്യാജ പ്രചാരണം: നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്

നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സി പി സലാമിനെതിരെയാണ് യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ താനൂര്‍ പോലിസ് കേസെടുത്തത്.

കൊറോണ വ്യാജ പ്രചാരണം: നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്
X

താനൂര്‍: അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന വ്യാജ പ്രചാരണം നടത്തിയ നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു. നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സി പി സലാമിനെതിരെയാണ് യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ താനൂര്‍ പോലിസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാവിനെതിരേയാണ് വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ക്കൊപ്പം വിമാനത്തില്‍ യാത്രചെയ്ത താനൂര്‍ സ്വദേശികള്‍ താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ കൗണ്‍സിലര്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിലാണ് അഞ്ചുടി സ്വദേശിയായ യുവാവിനെയും പരാമര്‍ശിച്ചത്.

യുവാവിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് ഇപ്രകാരമായിരുന്നു അഞ്ചുടി കണ്ടങ്കല്ലി മുഹമ്മദിക്കയുടെ മരുമകന്റെ കൂടെയുണ്ടായിരുന്ന ആള്‍ക്ക് കൊറോണയുടെ സാധ്യതയുണ്ട്. അദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ കൂടെയാണ് മുഹമ്മദിക്കയുടെ മരുമകന്‍ നടന്നിരുന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ നാട്ടിലാണ് ഉള്ളത്. രണ്ടുമൂന്നു ദിവസമായി ഡോക്ടറെ കാണിക്കാതെ നടക്കുകയാണ്. ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. വീടിനടുത്ത് വലനെയ്ത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ സംഭവം അറിഞ്ഞതോടെ ജോലിക്ക് എത്താതെയായി. മാത്രമല്ല യുവാവിന്റെ ഭാര്യ ജോലി ചെയ്തിരുന്ന വീട്ടുകാരും ഭീതിയിലായി. അതോടെ ജോലിക്കു പോവാനും കഴിയാത്ത അവസ്ഥയിലായതായി ഭാര്യ പറഞ്ഞു.

വ്യാജ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവാവിന്റെ ഭാര്യ നഗരസഭാ കൗണ്‍സിലര്‍ സലാമിനെ ഫോണില്‍ വിളിച്ച് ശബ്ദ സന്ദേശം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരുത്ത് നല്‍കില്ലെന്നും എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്ന മറുപടിയാണ് കൗണ്‍സിലര്‍ പറഞ്ഞതെന്നും, പരാതിയുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ തീരദേശത്തെ ലീഗ് നേതാക്കള്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ഭാര്യ പറഞ്ഞു. താനൂരില്‍ കൊറോണ നിരീക്ഷണത്തില്‍ ആരും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ആണെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ.ഹാഷിം പറഞ്ഞു.


Next Story

RELATED STORIES

Share it