Latest News

മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള തര്‍ക്കം; അശോക് ഗഹ്‌ലോട്ടിനോട് ഗാന്ധി കുടുംബത്തിന് അതൃപ്തി

മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള തര്‍ക്കം; അശോക് ഗഹ്‌ലോട്ടിനോട് ഗാന്ധി കുടുംബത്തിന് അതൃപ്തി
X

ജയ്പൂര്‍: 90ലധികം കോണ്‍ഗ്രസ് എംഎല്‍എമാരെ അണിനിരത്തി രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ഗഹ് ലോട്ട് നടത്തിയ കലാപത്തില്‍ ഗാന്ധികുടുബത്തിന് അതൃപ്തി. ഇത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാനുള്ള അദ്ദേഹത്തിന്റെ മോഹത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്.

അശോക് ഗെഹ് ലോട്ടിന്റെ നീക്കം കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

ഒക്‌ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അശോക് ഗെഹ് ലോട്ട് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന്‍ പ്രതിസന്ധി മൂര്‍ച്ഛിച്ച അതേസമയത്ത് മറ്റൊരു സ്ഥാനാര്‍ഥിയായ കമല്‍നാഥ് സോണിയ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. രാജസ്ഥാന്‍ പ്രതിസന്ധിയില്‍ അദ്ദേഹം മധ്യസ്ഥത വഹിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്.

ഇന്നലെ, അശോക് ഗെഹ്‌ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാലും തന്റെ കടുത്ത എതിരാളിയായ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നാണ് അശോക് ഗഹ്‌ലോട്ടിന്റെയും എംഎല്‍എമാരുടെയും നിലപാട്.

കഴിഞ്ഞ ദിവസം ചേരാന്‍ തീരുമാനിച്ചിരുന്ന യോഗം എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചു. അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോട് സംസാരിക്കാനും അവര്‍ വിസമ്മതിച്ചു. ദൗത്യം പരാജയപ്പെട്ടതോടെ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഡല്‍ഹിയിലേക്ക് മടങ്ങി. കേന്ദ്ര നേതാക്കളെ ഗെഹ്‌ലോട്ട് സംഘം അപമാനിച്ചതായി കേന്ദ്രത്തിന് പരാതിയുണ്ട്.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തതിനുശേഷം മാത്രമേ പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനമുണ്ടാകൂ എന്നാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ പറയുന്നത്.

എംഎല്‍എമാര്‍ പ്രദര്‍ശിപ്പിച്ചത് ധിക്കാരമാണെന്ന് മാക്കാന്‍ വിമര്‍ശിച്ചു. രാജസ്ഥാനില്‍നടന്ന സംഭവങ്ങളില്‍ കേന്ദ്ര നേതാക്കള്‍ അസ്വസ്ഥരും അപമാനിതരുമാണ്. പാര്‍ട്ടിയുടെ മേലുള്ള പിടിപാട് ഗാന്ധിമാര്‍ക്ക് നഷ്ടമാകുന്നതായാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിസ്ഥാനവും ദേശീയഅധ്യക്ഷപദവിയും ഒരേസമയം തനിക്ക് കൈകാര്യം ചെയ്യാനാവുമെന്നാണ് ഗഹ്‌ലോട്ട് അവകാശപ്പെടുന്നത്. ഇതിനോട് രാഹുലിന് യോജിപ്പില്ല.

Next Story

RELATED STORIES

Share it