Latest News

കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ്: സാംബിത് പത്ര പങ്കുവച്ച ചിത്രം തെറ്റെന്ന് ട്വിറ്റര്‍; ട്വിറ്റര്‍ ഓഫിസില്‍ ഡല്‍ഹി പോലിസിന്റെ അന്വേഷണം

കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ്: സാംബിത് പത്ര പങ്കുവച്ച ചിത്രം തെറ്റെന്ന് ട്വിറ്റര്‍; ട്വിറ്റര്‍ ഓഫിസില്‍ ഡല്‍ഹി പോലിസിന്റെ അന്വേഷണം
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപവാദപ്രചാരണം നടത്തുന്നതിന് ടൂള്‍കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്ന കേസില്‍ അവസാന നിമിഷം ട്വിസ്റ്റ്. അപവാദമുന്നയിച്ചുകൊണ്ട് ബിജെപി വക്താവ് സാംബിത് പത്ര പങ്കുവച്ച ചിത്രത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് മീഡിയ എന്ന ടാഗ് നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ല് ട്വിറ്റര്‍ ഓഫിസിലെത്തി അന്വേഷണം നടത്തി.

സൗത്ത് ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഓഫിസുകളിലാണ് പോലിസ് അന്വേഷണത്തിനെത്തിയത്. മാനിപുലേറ്റഡ് എന്ന് രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞുകൊണ്ട് നേരത്തെ പോലിസ് കത്തയച്ചിരുന്നെങ്കിലും അതിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നാണ് പോലിസ് ആരോപിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി ആരാണെന്ന് ചോദിച്ചറിയാന്‍ കൂടിയാണ് പോലിസ് ഓഫിസിലെത്തിയതെന്നാണ് വിശദീകരണം.

അതേസമയം ട്വിറ്റര്‍ ഓഫിസ് നിലവില്‍ അടഞ്ഞുകിടക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ വര്‍ക് ഫ്രം ഹോം മോഡിലാണ് പ്രവര്‍ത്തിക്കുന്നത്.

ട്വിറ്റര്‍ രാജ്യത്തിന്റെ നിയമങ്ങളോട് സഹകരിക്കാതെ ഇര കളിക്കുകയാണെന്നും നടപടിക്രമങ്ങള്‍ ശരിയായ വിധത്തില്‍ പാലിക്കുന്നില്ലെന്നും പോലിസ് പറയുന്നു. ട്വിറ്ററിലെ ഇന്ത്യയിലെ ചുമതലക്കാരന്‍ ആരാണെന്ന് കണ്ടെത്തുകയാണ് തങ്ങളുടെ ശ്രമമെന്നും ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറുടെ മറുപടി വ്യക്തമല്ലെന്നും പോലിസ് പറയുന്നു.

ബിജെപി വക്താവ് സാംബിത്ത് പത്രയാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റ് നിര്‍മിച്ച് പ്രധാനമന്ത്രിയെയും കൊവിഡ് പ്രതിരോധത്തെയും തകര്‍ക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരേ കോണ്‍ഗ്രസ് ട്വിറ്ററിന് പരാതി നല്‍കി. സാംബിത് പത്ര പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും തങ്ങളുടെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മിച്ചതാണെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേ കോണ്‍ഗ്രസ് സാംബിത് പത്രക്കെതിരേ പരാതിയും നല്‍കി.

തുടര്‍ന്നാണ് സാംബിത് പത്രയുടെ ട്വീറ്റില്‍ രേഖയോടൊപ്പം മാനിപ്പുലേറ്റഡ് മീഡിയ എന്ന ടാഗ് ലൈന്‍ പ്രത്യക്ഷപ്പെട്ടത്.

അടുത്ത ദിവസം ടാഗ് നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ട്വിറ്ററിനെഴുതി. ഡല്‍ഹി പോലിസ് നോട്ടിസും അയച്ചു. മാനിപ്പുലേറ്റഡ് മീഡിയ എന്ന് രേഖപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ലഭിക്കാനാണ് പോലിസ് ട്വിറ്റര്‍ ഓഫിസിലെത്തിയത്.

പുതിയ കൊവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം, മോദി വകഭേദമെന്നും കുംഭമേളയെ സൂപ്പര്‍ സ്‌പെഡര്‍ കുംഭ എന്നും വിശേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സാംബിത് പത്രയുടെ ആരോപണം.

Next Story

RELATED STORIES

Share it