Latest News

തകര്‍ന്നുവീഴാറായ ഹൈമാസ്റ്റ് ലൈറ്റ് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി

തകര്‍ന്നുവീഴാറായ ഹൈമാസ്റ്റ് ലൈറ്റ് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി
X

മലപ്പുറം: അരീക്കോട് പത്തനാപുരം പള്ളിപ്പടിയിലെ ഹൈമാസ്റ്റ് ലൈറ്റ് നിലംപതിക്കാറായിട്ടും ബന്ധപ്പെട്ട അധികൃതര്‍ അറ്റകുറ്റപ്പണി നടത്താനോ തൂണ് നീക്കം ചെയ്യാനോ തയ്യാറാകുന്നില്ലെന്ന് പരാതി. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ ജംങ്ഷനിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. റോഡ് വേര്‍തിരിക്കുന്ന ബാരിക്കേഡ് ഒഴിവാക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തറഭാഗം വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ അവഗണിക്കുകയാണ്.

എട്ട് വര്‍ഷം മുമ്പ് പി കെ ബഷീര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം ചെലവഴിച്ച് നിര്‍മിച്ചതാണ് ഹൈമാസ്റ്റ് ലൈറ്റ്. സ്ഥാപിച്ച് മാസങ്ങള്‍ക്കകം ലൈറ്റ് കത്താതായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിനാണ് ഇതിന്റെ സംരക്ഷണച്ചുമതല. നാട്ടുകാര്‍ പല തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടി സീകരിച്ചില്ല. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി ലൈറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജങ്ഷനിലായതിനാല്‍ പലപ്പോഴും വാഹനം ഇടിക്കലും പതിവാണ്. നിര്‍മാണ സമയത്ത് സംരക്ഷണവലയം കെട്ടാനും അധികൃതര്‍ തയ്യാറായില്ല.

നിലവില്‍ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് ഉള്ളതിനാല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി സാധാരണ സ്ഥാപിക്കുന്ന തെരുവ് വിളക്കുകളും ഇവിടെ സ്ഥാപിക്കുന്നില്ല. തകര്‍ന്ന ലൈറ്റ് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

Next Story

RELATED STORIES

Share it