Latest News

കൊവിഡ് മരണത്തിന് നഷ്ടപരിഹാരം: കേന്ദ്ര സര്‍ക്കാര്‍ നയം കൂടുതല്‍ മാനുഷികമാകണമെന്ന് എസ്ഡിപിഐ

കൊവിഡ് മരണത്തിന് നഷ്ടപരിഹാരം: കേന്ദ്ര സര്‍ക്കാര്‍ നയം കൂടുതല്‍ മാനുഷികമാകണമെന്ന് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: കൊവിഡ് 19 മരണത്തിന് ഇരയായവര്‍ക്കെല്ലാം 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. സര്‍ക്കാരിന്റെ ഈ നിലപാട് പിന്‍വലിക്കണമെന്നും ഇരകള്‍ക്കെല്ലാം മതിയായ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരകള്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയാല്‍ അത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണ്. കൊവിഡ് 19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് മരണനിരക്ക് ഉയര്‍ന്നത്. പകര്‍ച്ചവ്യാധി ആവര്‍ത്തിക്കാതിരിക്കാന്‍ മറ്റെല്ലാ രാജ്യങ്ങളും മുന്‍കരുതല്‍ സ്വീകരിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അത് നിസ്സാരമായി കാണുകയും തിരഞ്ഞെടുപ്പ് റാലികള്‍, കുംഭമേള തുടങ്ങിയ വന്‍ സമ്മേളനങ്ങള്‍ നടത്തുകയും അനുവദിക്കുകയും ചെയ്തു. ഇത് കൊവിഡ് 19 ന്റെ അനിയന്ത്രിതമായ വ്യാപനത്തിനും മരണത്തിനും ഇടയാക്കി.

സഹസ്ര കോടികള്‍ മുടക്കി സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് ഫണ്ടിന്റെ കുറവില്ല, എന്നാല്‍ കൊവിഡ് 19 ന്റെ നിര്‍ഭാഗ്യവാന്മാരായ ഇരകള്‍ക്ക് സഹായം നല്‍കുന്നതില്‍ ആശങ്ക ഉയര്‍ത്തുന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്ന ഈ നിലപാട് മനുഷ്യത്വരഹിതമാണ്. തുടര്‍ച്ചയായ അടച്ചുപൂട്ടലും വരുമാനനഷ്ടവും കാരണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനതയാണ് ഇരയാക്കപ്പെടുന്നത്.

ഈ ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ മാനുഷികത പുലര്‍ത്തണമെന്നും ഇരകള്‍ക്ക് എല്ലാത്തിനും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടില്‍ നിന്നു പിന്‍മാറണമെന്നും കേന്ദ്രസര്‍ക്കാരിനോട് അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it