Latest News

ഇസ്രായേലിന്റെ ഗാലില്‍ റൈഫിളുകള്‍ ഉപേക്ഷിക്കും; മിറാന്‍ഡ റൈഫിളുമായി കൊളംബിയ

ഇസ്രായേലിന്റെ ഗാലില്‍ റൈഫിളുകള്‍ ഉപേക്ഷിക്കും; മിറാന്‍ഡ റൈഫിളുമായി കൊളംബിയ
X

ബൊഗോട്ട: ഇസ്രായേലി നിര്‍മിത ഗാലില്‍ എസിഇ റൈഫിളിന് ബദല്‍ നിര്‍മിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയ. മിറാന്‍ഡ എന്നാണ് പുതിയ റൈഫിളിന്റെ പേര്. കൊളംബിയന്‍ മിലിട്ടറി ഇന്‍ഡസ്ട്രി (ഇന്ദുമില്‍) വികസിപ്പിച്ചെടുത്ത ഈ റൈഫിള്‍, ഗാലില്‍ എസിഇ റൈഫിളുകള്‍ക്ക് പകരമായിരിക്കും കൊളംബിയന്‍ സൈന്യം ഉപയോഗിക്കുകയെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ലാറ്റിന്‍ അമേരിക്കയിലെ ആദ്യകാല സ്വാതന്ത്ര്യ നേതാക്കളില്‍ ഒരാളായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഡി മിറാന്‍ഡയുടെ ബഹുമാനാര്‍ത്ഥമാണ് റൈഫിളിന് മിറാന്‍ഡ എന്ന് പേരിട്ടത്.

ഇസ്രായേലി നിര്‍മിത റൈഫിളിനേക്കാള്‍ തൂക്കം കുറവാണ് മിറാന്‍ഡ റൈഫിളിനെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 65 ശതമാനം ഉയര്‍ന്ന പ്രതിരോധശേഷിയുള്ള പോളിമറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മിറാന്‍ഡ, ഉരുക്കില്‍ നിര്‍മ്മിച്ച ഇസ്രായേലി ഇനത്തേക്കാള്‍ ഈടുനില്‍ക്കും. കൂടാതെ ചെലവ് 25 ശതമാനം കുറയുന്നു. പുതിയ റൈഫിളിന്റെ 85 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിര്‍മിക്കുന്നത്. ബാക്കിയുള്ള ഘടകങ്ങള്‍ വരുംവര്‍ഷങ്ങളില്‍ രാജ്യത്ത് തന്നെ നിര്‍മിക്കും.

ജനറല്‍ ഫ്രാന്‍സിസ്‌കോ ഡി മിറാന്‍ഡ

പ്രതിവര്‍ഷം 80,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ഇന്ദുമില്‍ ലക്ഷ്യമിടുന്നത്. ഇത് നിലവില്‍ ഉപയോഗിക്കുന്ന നാലുലക്ഷം ഗാലില്‍ റൈഫിളുകളെ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കാന്‍ സഹായിക്കും.

സ്‌പെയ്‌നിന്റെ ആധിപത്യത്തില്‍ നിന്ന് ലാറ്റിന്‍ അമേരിക്കയെ മോചിപ്പിക്കാനാണ് വെനുസ്വേലക്കാരനായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഡി മിറാന്‍ഡ (1750-1816) പ്രവര്‍ത്തിച്ചത്. അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങളില്‍ പോരാടുകയും വെനുസ്വേലയുടെ ഒന്നാം റിപ്പബ്ലിക്കില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്ത മിറാന്‍ഡ 1816ല്‍ സ്‌പെയ്‌നിലെ ജയിലില്‍ കിടന്ന് രക്തസാക്ഷിയായി.

ഇസ്രായേലി നിര്‍മ്മിത ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കാനുള്ള കൊളംബിയയുടെ നീക്കത്തിന് രാഷ്ട്രീയവും ധാര്‍മ്മികവുമായ പ്രാധാന്യമുണ്ട്. ഗസയിലെ വംശഹത്യയില്‍ പങ്കാളികളായ സര്‍ക്കാരുകളില്‍ നിന്ന് രാജ്യത്തെ അകറ്റി നിര്‍ത്താന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവച്ച കൊളംബിയ അവരുമായുള്ള നയതന്ത്ര ബന്ധവും റദ്ദാക്കി. ഇസ്രായേലി കമ്പനികള്‍ പുതുതായി നിര്‍മിക്കുന്ന ആയുധങ്ങള്‍ ഫലസ്തീനിലാണ് പരീക്ഷിക്കുന്നത്. അത്തരം ആയുധങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്ന് കൂടിയാണ് കൊളംബിയ പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it