Latest News

ഛത്തിസ്ഗഢ് 'പഞ്ചാബിന്റെ വഴി'യിലല്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍

ഛത്തിസ്ഗഢ് പഞ്ചാബിന്റെ വഴിയിലല്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍
X

റായ്പൂര്‍: ഛത്തിസ്ഗഢില്‍ യാതൊരു രാഷ്ട്രീയപ്രതിസന്ധിയില്ലെന്നും തന്റെ നേതൃത്വത്തിനെതിരേ സംസ്ഥാനത്ത് ഒരു രാഷ്ട്രീയമുന്നേറ്റവും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ശനിയാഴ്ച ഡല്‍ഹിയിലേക്ക് പോയ എംഎല്‍എമാര്‍ സ്വന്തം ഇഷ്ടപ്രകാരം സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പോയതാണെന്നതില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. ഛത്തിസ്ഗഢ് പഞ്ചാബിന്റെ പാതയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ സംഭവിക്കുന്നതുതന്നെയാണ് ഇപ്പോള്‍ ഛത്തിസ്ഗഢിലും സംഭവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി രമന്‍ സിങ് പറഞ്ഞിരുന്നു. പഞ്ചാബല്ല ഛത്തിസഗഢെന്നും പഞ്ചാബാവാനാവില്ലെന്നും ഭൂപേഷ് പ്രതികരിച്ചു.

പുറത്തുവന്ന വിവരമനുസരിച്ച് ഛത്തിസ്ഗഢില്‍ രണ്ട് ഗ്രൂപ്പുകളുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നേതൃത്വം കൊടുക്കുന്നതും ആരോഗ്യ മന്ത്രി ടി എസ് സിങ്‌ദേവ് നേതൃത്വം നല്‍കുന്നതും. സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെ ഭൂപേഷ് സ്ഥാനം രാജിവച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തയ്യാറാവണമെന്നതാണ് എതിര്‍പക്ഷത്തിന്റെ വാദം.

ശനിയാഴ്ച രാവിലെ ഛത്തിസ്ഗഢിലെ ആറ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ശിശുപാര്‍ സോറി, സന്‍ട്രം നേതം, കിസ്മത് ലാല്‍, റാം കുമാര്‍ യാദവ്, കവാസി ലഖ്മ, കെ കെ ധ്രുവ് എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. അവര്‍ കേന്ദ്ര നേതൃത്വുമായി സംസാരിച്ചിരുന്നുവെന്നാണ് അറിവ്.

കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ പക്ഷത്തുള്ള ഏതാനും എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തെ കണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ആറ് എംഎല്‍എമാരുടെ സന്ദര്‍ശനം.

2018 തിരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

Next Story

RELATED STORIES

Share it