Latest News

രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചന: 24 വര്‍ഷം മുമ്പ് രൂപീകരിച്ച അന്വേഷണ ഏജന്‍സി പിരിച്ചുവിട്ടു

രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചന: 24 വര്‍ഷം മുമ്പ് രൂപീകരിച്ച അന്വേഷണ ഏജന്‍സി പിരിച്ചുവിട്ടു
X

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ രൂപീകരിച്ച അന്വേഷണ ഏജന്‍സി പിരിച്ചുവിട്ടു. 24 വര്‍ഷം മുമ്പ് രൂപീകരിച്ച മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (എംഡിഎംഎ) യെ ആണ് പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സിയാണ് എംഡിഎംഎ. ഒന്നിലധികം കേന്ദ്ര സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും എംഡിഎംഎയില്‍ പ്രവര്‍ത്തിച്ചിരുന്നു. മെയിലാണ് എംഡിഎംഎയുടെ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയാക്കിയതായും അന്വേഷണം സിബിഐയുടെ മറ്റൊരു യൂനിറ്റിന് കൈമാറിയതായും സിബിഐ അറിയിച്ചു.

1998ല്‍ എം സി ജെയിന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്. രണ്ടുവര്‍ഷമായിരുന്നു കാലാവധി. ശേഷം എല്ലാ വര്‍ഷവും വിപുലീകരണങ്ങള്‍ നടത്തി ഏജന്‍സിയുടെ കാലാവധി നീട്ടുകയായിരുന്നു. പോലിസ് റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍ ജനറലാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.

വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജീവ് ഗാന്ധി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ എംഡിഎംഎക്ക് കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ബാങ്കിങ് ഇടപാടുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തേടി ശ്രീലങ്ക, ബ്രിട്ടണ്‍, മലേസ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 24 കത്തുകള്‍ എംഡിഎംഎ അയച്ചിരുന്നു. ഇതില്‍ 20 കത്തുകള്‍ക്ക് മാത്രമാണ് വിശദീകരണം ലഭിച്ചത്. എങ്കിലും കാര്യമായ തെളിവുകളോ വിവരങ്ങളോ ഇതില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചില്ല. ഇതോടെയാണ് ഏജന്‍സി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അതേസമയം, അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ബാക്കിയുള്ള തീര്‍പ്പാക്കാത്ത വിഷയങ്ങള്‍ സിബിഐയുടെ മറ്റൊരു യൂനിറ്റിന് കൈമാറിയെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. 1991 മെയ് 21നാണ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍ടിടിഇ അംഗമായ തനു എന്നും തേന്‍മൊഴി രാജരത്‌നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്‌നം ചാവേര്‍ ആക്രമണത്തിലൂടെ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതിയായിരുന്ന പേരറിവാളന്‍ ഇക്കഴിഞ്ഞ മെയ് 12നാണ് ജയില്‍മോചിതനായത്. അതേസമയം, മറ്റ് പ്രതികളായ നളിനിയും രവിചന്ദ്രനും നല്‍കിയ മോചന ഹരജികള്‍ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it