Latest News

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്
X

ആലപ്പുഴ: കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലിസ് കേസെടുത്തു. സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പോലിസ് കേസ് എടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പോലിസ് അറിയിച്ചു.

ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരില്‍ 13 വയസ്സുകാരന്‍ പ്രജിത്ത് സ്‌കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ക്ലാസില്‍ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. നേരത്തെ അധ്യാപകരെ സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.

വിവാദ ദിവസം, അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകര്‍ സ്‌കൂളിലെ മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ, ഡോളി എന്നിവര്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥനത്തിലാണ് പോലിസ് കേസെടുത്തത്.






Next Story

RELATED STORIES

Share it