Latest News

'തൃണമൂലിനെ പരാജയപ്പെടുത്താന്‍ ബിജെപി 1,000 കോടിയുടെ ഡീല്‍ നല്‍കി'; മമത ബാനര്‍ജി

തൃണമൂലിനെ പരാജയപ്പെടുത്താന്‍ ബിജെപി 1,000 കോടിയുടെ ഡീല്‍ നല്‍കി; മമത ബാനര്‍ജി
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി 1,000 കോടി രൂപയുടെ ഡീല്‍ നല്‍കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ആം ജനത ഉന്നയന്‍ പാര്‍ട്ടി തലവനായ ഹുമയൂണ്‍ കബീറിന് ബിജെപി 1,000 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. കബീര്‍ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മമത ആരോപിച്ചു. ബങ്കൂര ജില്ലയിലെ ഒണ്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

ടിഎംസിയെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ 1,000 കോടി രൂപയുടെ കരാറിന്റെ മുന്‍കൂര്‍ തുകയായ 200 കോടി സ്വീകരിച്ചതായി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം ടിഎംസി പുറത്തു വിട്ടിരുന്നു. രണ്ട് മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് ടിഎംസിയെ പരാജയപ്പെടുത്താനാണ് ഡീലെന്നും മമത ബാനര്‍ജി പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന കേന്ദ്ര സേന അവരുടെ ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് സ്ത്രീകളെ അപമാനിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്നും മമത ആരോപിച്ചു. 2026 ഓടെ ബിജെപി വീഴുമെന്ന് ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. അങ്ങനെ നിങ്ങള്‍ വീഴുന്നതോടെ നിങ്ങളുടെ സര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവന്ന എല്ലാ ജനവിരുദ്ധ നിയമങ്ങളും ഞങ്ങള്‍ റദ്ദാക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

Next Story

RELATED STORIES

Share it