Latest News

'കോളജില്‍നിന്ന് ഒരാള്‍പോലും നിതിന്‍ രാജ് മരണപ്പെട്ടപ്പോള്‍ വീട്ടില്‍ വന്നില്ല എന്നത് സംശയമുണ്ടാക്കുന്നു': മന്ത്രി വി ശിവന്‍കുട്ടി

കോളജില്‍നിന്ന് ഒരാള്‍പോലും നിതിന്‍ രാജ് മരണപ്പെട്ടപ്പോള്‍ വീട്ടില്‍ വന്നില്ല എന്നത് സംശയമുണ്ടാക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പോലിസ് മേധാവിയോട് സംസാരിച്ചുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കോളജിലെ ഒരാള്‍ പോലും ഈ വീട്ടിലേക്ക് അനുശോചനം രേഖപ്പെടുത്താന്‍ ഇതുവരെ വന്നിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. വിദ്യാര്‍ഥികള്‍ ഇങ്ങോട്ട് വരരുതെന്ന് മാനേജ്‌മെന്റ്റ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സംഭവത്തില്‍ പ്രത്യേകാന്വഷണസംഘം കേസന്വേഷിക്കുമെന്ന് വി ശിവന്‍കുട്ടി തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിതിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ എങ്ങിനെ ചെയ്യാന്‍ സാധിക്കുമെന്നത് സര്‍ക്കാര്‍ ആലോചിക്കും. സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കമ്മീഷന്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തും. സാധാരണഗതിയില്‍ ഇതുപോലൊരു സംഭവമുണ്ടായാല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും അനുശോചനം രേഖപ്പെടുത്താന്‍ വീട്ടില്‍ വരുന്നതാണ്. എന്നാല്‍, ഒരു വിദ്യാര്‍ഥിപോലും വന്നില്ല. പോകാന്‍ പാടില്ല എന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണല്‍ കോളജില്‍ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണല്‍ മാര്‍ക്ക്. അത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നിലയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

വാടകവീട്ടിലാണ് താമസിക്കുന്നത്. കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. നിതിന്‍ രാജ് പഠിക്കാന്‍ മിടുക്കനായിരുന്നു. മെറിറ്റിലായിരുന്നു കോളജില്‍ അഡ്മിഷന്‍ ലഭിച്ചത്. നിതിന്റെ വേര്‍പാടിന് ശേഷം കുടുംബം അനാഥമായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടനെ കുടുംബത്തിന് നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കും. കോഴ്‌സിന് ചേര്‍ന്നപ്പോള്‍മുതല്‍ നിതിന്‍ രാജിനെ പീഡിപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് പിതാവ് പറഞ്ഞത്. ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നാണ് പറഞ്ഞത്. പിതാവ് നേരിട്ട് എത്തിയപ്പോള്‍ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നീതിപൂര്‍ണമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it