Latest News

ബിജെപിയും കര്‍ഷക സമരവും; മാറുന്ന സമരമുഖം

ബിജെപിയും കര്‍ഷക സമരവും; മാറുന്ന സമരമുഖം
X

ന്യൂഡല്‍ഹി: ബിജെപിയും കര്‍ഷകരും മുഖാമുഖം നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയ ഉടന്‍ ആരംഭിച്ച സമരം പതുക്കെപ്പതുക്കെയാണ് ഡല്‍ഹിയിലേക്ക് നീങ്ങിയത്. ആദ്യം പഞ്ചാബിലും ഹരിയാനയിലുമായി ഒതുങ്ങിനിന്ന സമരം ഏതാനും മാധ്യമങ്ങളുടെ പെട്ടിക്കോളം വാര്‍ത്തയായി ഒതുങ്ങി. സമരം റിപോര്‍ട്ട് ചെയ്തവര്‍ക്കു തന്നെ വിശദാംശങ്ങള്‍ ലഭിച്ചില്ല. ഘരാവോയും ബിജെപി നേതാക്കള്‍ക്കെതിരേയുള്ള പ്രത്യക്ഷ സമരവും അംബാനിയുടേതടക്കമുള്ള കോര്‍പറേറ്റുകള്‍ക്കെതിരേയുള്ള പ്രതിരോധവും ഒക്കെ സമരത്തെ വലിയ സംഭവമാക്കി മാറ്റി.

ഏറെ താമസിയാതെ സമരം ഡല്‍ഹിയിലേക്ക് നീക്കാന്‍ 32 കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ആ തീരുമാനപ്രകാരം ഡല്‍ഹിയിലേക്ക് നീങ്ങിയ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞതോടെ സമരം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചു.

ആറ് മാസത്തേക്കുള്ള ധാന്യവുമായാണ് തങ്ങളെത്തിയതെന്ന് കര്‍ഷര്‍ പറഞ്ഞെങ്കിലും കുറച്ചുനാളുകള്‍ക്കുള്ളില്‍ കര്‍ഷകര്‍ വയലുകളിലേക്ക് തിരികെപ്പോകുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, മിക്കവരും കണക്കുകൂട്ടി, പരസ്യമായി തുറന്നുപറഞ്ഞില്ലെങ്കിലും. പക്ഷേ, ഇപ്പോള്‍ വര്‍ഷമൊന്നുകഴിഞ്ഞു.

സമരത്തെ അവഗണിച്ച് തോല്‍പ്പിക്കാമെന്ന തന്ത്രമായിരുന്നു ആദ്യം മുതല്‍ ബിജെപി എടുത്തിരുന്നത്. നീണ്ടുനില്‍ക്കുന്ന സമരം ചെയ്യാന്‍ കര്‍ഷകര്‍ക്കാവില്ലെന്നായിരുന്നു ആ മനോഭാവത്തിനു കാരണം. ആദ്യമൊക്കെ സമരക്കാരുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നെപ്പിന്നെ അതും നിലച്ചു.

പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ കരുതുന്നുണ്ട്. കര്‍ഷകര്‍ ഒരു വെട്ടുകിളിക്കൂട്ടം പോലെ തങ്ങളുടെ അടിത്തറ മാന്തുമെന്ന് ഇന്നവര്‍ ഭയപ്പെടുന്നു. അതിന്റെ ആദ്യ സൂചനയാണ് ലഖിംപൂരില്‍ നാം കണ്ടത്. അവിടെ മന്ത്രിമാര്‍ നേരിട്ടാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും യുപി ഉപമുഖ്യമന്ത്രിയും നേരിട്ടാണ് ആക്രമണത്തിനിറങ്ങിയത്. കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധിക്കാനെത്തിയവരുടെ മുകളിലൂടെയാണ് കടന്നുപോയത്. ആദ്യമൊക്കെ അതൊരു അപകമാണെന്ന് ചിലരെങ്കിലും കരുതിയെങ്കില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വീഡിയോകള്‍ ആ സംശയവും തീര്‍ത്തു. സമാധാനപരമായി നീങ്ങുന്നവരുടെ ഇടയിലേക്ക് വാഹനങ്ങള്‍ ഇരച്ചുകയറുകയായിരുന്നു. അപകടസ്ഥലത്ത് ഒന്നിനു പുറകെ ഒന്നായി വാഹനങ്ങള്‍ കടന്നുപോകുന്നതും വ്യക്തമായിരുന്നു. ഇരച്ചുകയറിയ വാഹനത്തില്‍ പോലിസും സുരക്ഷാസേനയും ഉണ്ടായിരുന്നതെന്നതും ശ്രദ്ധേയമാണ്.

ഒരു സമരത്തെ ഈ മട്ടില്‍ നേരിടുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സമരങ്ങളെ പോലിസിനെ ഉപയോഗിച്ച് തല്ലിത്തകര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഇടത്, വലത് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ ഒരിക്കലും പിന്നിലായിരുന്നില്ല. എന്നാല്‍ സമരക്കാരെ മന്ത്രിയും പരിവാരങ്ങളും തന്നെ ഗുണ്ടകളെപ്പോലെ നേരിടുന്നത് നടാടെയാണ്. അതീവ ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ന് സമാനമായ ഒരാക്രമണം എംപിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കെതിരേ ഹരിയാനയില്‍ ഉണ്ടായിരിക്കുന്നു. ആക്രമണ രീതി ഏറെക്കുറെ സമാനമായിരുന്നു. ഭാഗ്യവശാല്‍ ഒരാള്‍ക്ക് ചെറിയ പരിക്കേ പറ്റിയുള്ളൂ.

രണ്ട് ആക്രമണങ്ങളുടെയും സ്വഭാവത്തില്‍ നിന്ന് ബിജെപി അവരുടെ അജണ്ട സെറ്റ് ചെയ്‌തെന്നുവേണം അനുമാനിക്കാന്‍. എന്തുവിലകൊടുത്തും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞു. നാളെ ഗുണ്ടകളെപ്പോലെ കേന്ദ്ര മന്ത്രിമാര്‍ ജനങ്ങളെ തെരുവില്‍ നേരിടാന്‍ എത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇതൊരു മാറ്റമാണ്. ബിജെപിതന്നെ ഇന്നോളം മുന്നോട്ടുവച്ച രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു നയം.

ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ നാളെ ബിജെപി പ്രവര്‍ത്തകര്‍ പോലിസ് സഹായത്തോടെ ജനങ്ങളെ തെരുവില്‍ നേരിടുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുക.

Next Story

RELATED STORIES

Share it