Latest News

പട്‌നയിലെ കോടതിയില്‍ സ്‌ഫോടനം; പോലിസുകാരന് പരിക്ക്

പട്‌നയിലെ കോടതിയില്‍ സ്‌ഫോടനം; പോലിസുകാരന് പരിക്ക്
X

പട്‌ന: പട്‌ന സിവില്‍ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പോലിസുകാരന് പരിക്കേറ്റു. തൊണ്ടിമുതലായി ഹാജരാക്കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഹോസ്റ്റലില്‍നിന്നും ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലില്‍ വാദം കേള്‍ക്കെയാണ് സ്‌ഫോടനമുണ്ടായത്. ബോംബ് പെട്ടിയിലാക്കി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ അസിസ്റ്റന്റ് പ്രോസിക്യൂഷന്‍ ഓഫിസറുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. പോലിസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

കോടതിയില്‍ കൊണ്ടുവരുന്നതിന് മുമ്പ് ബോംബുകള്‍ വേണ്ടത്ര നിര്‍വീര്യമാക്കിയിരുന്നോ എന്നറിയാന്‍ അന്വേഷണം തുടരുകയാണ്. പോലിസ് സബ് ഇന്‍സ്‌പെക്ടറുടെ കൈക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി പിര്‍ബഹോര്‍ പോലിസ് സ്‌റ്റേഷന്റെ എസ്എച്ച്ഒ സബീഉല്‍ ഹഖ് പറഞ്ഞു. പരിക്കേറ്റ എസ്‌ഐ ഉമാകാന്ത് റായിയെ കദം കുവാന്‍ പോലിസ് സ്‌റ്റേഷനിലാണ് നിയമിച്ചിരുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ബോംബുകള്‍ പിടിച്ചെടുത്തു. സാധാരണ അന്വേഷണ നടപടികളുടെ ഭാഗമായി അദ്ദേഹം ഇവ കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ അറിയിച്ചു. വാഹനഗതാഗതമുള്ള പ്രദേശമായതിനാല്‍ ടയര്‍ പൊട്ടിത്തെറിച്ചതാണ് ശബ്ദമെന്നാണ് ആദ്യം കരുതിയതെന്ന് സമീപവാസികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it