Latest News

കോളജുകള്‍ക്ക് സ്വയംഭരണം: യുജിസിക്കെതിരേ കടുത്ത വിമര്‍ശനവുമായി ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും

കോളജുകള്‍ക്ക് സ്വയംഭരണം: യുജിസിക്കെതിരേ കടുത്ത വിമര്‍ശനവുമായി ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും
X

തിരുവനന്തപുരം: കേരളത്തില്‍ 3 സ്വാശ്രയ കോളേജുകള്‍ക്കും 12 എയ്ഡഡ് കോളേജുകള്‍ക്കും സ്വയംഭരണാധികാരം നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പ് ശക്തമാക്കി എസ്എഫ്‌ഐയും. എന്നാല്‍ സ്വയംഭരണ പദവി ലഭിച്ചതിനു പിന്നില്‍ യുജിസിയാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്. സ്വയംഭരണ പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന്റെ നടപടിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

എസ്എഫ്‌ഐ നല്‍കുന്ന വിശദീകരണമനുസരിച്ച് 2013 ല്‍ ഉണ്ടായിരുന്ന യു.ജി.സി ഗൈഡ് ലൈന്‍ 2018ല്‍ റഗുലേഷനായി മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും നിയന്ത്രിക്കാനും ഇടപെടാനും സാധിക്കാത്ത വിധത്തില്‍ യു.ജി.സി നേരിട്ട് സ്വയംഭരണപദവി നല്‍കുന്ന സ്ഥിതി രൂപപ്പെട്ടു വന്നത്. സര്‍ക്കാര്‍ അഭിപ്രായം എന്തു തന്നെയാന്നെങ്കിലും യു.ജി.സിയ്ക്ക് അവ പരിഗണിക്കാതെ സ്വയംഭരണപദവി നല്‍കാനാകും. നേരത്തെ കോളേജുകള്‍ക്ക് സ്വയംഭരണം എന്നത് നയമായി സ്വീകരിച്ച് സര്‍വ്വകലാശാല നിയമ ഭേദഗതിയിലൂടെ സംസ്ഥാനത്തെ 18 എയ്ഡഡ് കോളേജുകള്‍ക്കും 1 ഗവര്‍മെന്റ് കോളേജിനും സ്വയം ഭരണാവകാശം നല്‍കിയത് യു.ഡി.എഫ് സര്‍ക്കാറാണ്.

എന്നാല്‍ ഇടതുമുന്നണി ഇതുവരെ ഒരു കോളജിനും സ്വയംഭരണ പദവി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് എസ്ഫ്‌ഐ പറയുന്നു. പകരം അംഗീകാരം ലഭിച്ച കോളജുകള്‍ നേരിട്ട് യുജിസിയെ സമീപിക്കുകയാണ് ചെയ്തത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കോളേജുകളാണോ എന്ന് പരിശോധിക്കാന്‍ ചുമതലയേറ്റ സമിതിയിലേക്ക് ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെയും ഒരു സര്‍വ്വകലാശാല പ്രതിനിധിയെയും നല്‍കുക എന്നത് മാത്രമായി സര്‍ക്കാറിന്റെ അധികാരം പരിമിതപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രതിനിധിയുടെ അഭിപ്രായം അനുകൂലമോ പ്രതികൂലമോ ആയാലും അവ പരിഗണിക്കാതെ യു.ജി.സിക്ക് നേരിട്ട് സ്വയംഭരണാവാശം നല്‍കാവുന്ന വിധത്തിലുള്ള മാറ്റമാണ് 2018ലെ യു.ജി.സി ഗൈഡ് ലൈല്‍ ഭേദഗതി. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കാനിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചു കൊണ്ടാണ് ഇത്തരത്തിലൊരു ഭേദഗതി.

മുഴുവന്‍ കോളേജുകളും സ്വയം ഭരണമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെന്നും ഇടത് സര്‍ക്കാറിന്റെ നയത്തില്‍ മാറ്റം വന്നുവെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത് ശരിയല്ലെന്നും ഈ സാഹചര്യത്തില്‍ 3 കോളേജുകള്‍ക്ക് യു.ജി.സി നേരിട്ട് സ്വയംഭരണ പദവി നല്‍കിയ നടപടി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എസ്ഫ്‌ഐ ആവശ്യപ്പെട്ടു. സ്വയംഭരണ കോളേജുകള്‍ അനുവദിക്കുന്ന നടപടി ഏത് ഭാഗത്ത് നിന്നുണ്ടായാലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

Next Story

RELATED STORIES

Share it