Latest News

സല്‍മാന്‍ റുഷ്ദിക്കെതിരേയുണ്ടായ ആക്രമണം; ഇതുവരെ അറിയാവുന്നത് എന്തൊക്കെ?

സല്‍മാന്‍ റുഷ്ദിക്കെതിരേയുണ്ടായ ആക്രമണം; ഇതുവരെ അറിയാവുന്നത് എന്തൊക്കെ?
X

ന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെയാണ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരേ ആക്രമണം നടന്നത്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനിലായിരുന്നു പരിപാടി. വേദിയിലേക്ക് ഇരച്ചുകയറിയ പ്രതി റുഷ്ദിയെ കുത്തിവീഴ്ത്തുകയായിരുന്നു.

ആക്രമണത്തിനുശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ല. കരളിനും കൈയിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതാവാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ റുഷ്ദിയുടെ 1989ല്‍ പുറത്തുവന്ന പുസ്തകമായ സാത്താനിക് വേഴ്‌സസിനെതിരേ ഇറാനിയന്‍ നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്. പ്രവാചകനെ ഈ പുസ്തകം മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ആരോപണം. പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു.

1981ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ ബുക്കര്‍ പുരസ്‌കാരം നേടിയതോടെ റുഷ്ദി ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ അമേരിക്കയില്‍ താമസിക്കുന്ന ഇദ്ദേഹത്തിനെതിരേ വധഭീഷണിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാല്‍ പോലിസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.

75 കാരനായ എഴുത്തുകാരനെ സദസ്സിലേക്ക് പരിചയപ്പെടുത്തുന്നതിനിടയിലാണ് അക്രമി വേദിയിലേക്ക് പാഞ്ഞുകയറിയത്. റുഷ്ദിക്ക് കഴുത്തിലും അടിവയറ്റിലും കുത്തേറ്റതായി പോലിസ് സ്ഥിരീകരിച്ചു. ആറ് മുതല്‍ എട്ട് തവണ വരെ റുഷ്ദിയെ കുത്തിയിട്ടുണ്ട്.

'എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നും അറിയില്ലായിരുന്നു- ആക്രമണത്തിന് ദൃക്‌സാക്ഷിയായ സ്‌റ്റേസി ഷ്‌ലോസര്‍ പറഞ്ഞു.

നിലത്തുവീണ റുഷ്ദിയെ കൂടിനിന്നവരുടെ സഹായത്തോടെ പുറത്തെത്തിച്ചു. അടിയന്തര ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുവരെ സദസ്സിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ റുഷ്ദിയെ പരിപാലിച്ചു.

'വാര്‍ത്ത നല്ലതല്ല,' അദ്ദേഹത്തിന്റെ ഏജന്റായ ആന്‍ഡ്രൂ വൈലി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇമെയിലില്‍ പറയുന്നു. 'സല്‍മാന് ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്; കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞു; കരള്‍ നശിപ്പിക്കപ്പെട്ടു''- അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലിസ് അക്രമിയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഹാദി മതര്‍ എന്ന 24 കാരനാണ് പിടിയിലായത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലിസിലെ മേജര്‍ യൂജിന്‍ സ്റ്റാനിസെവ്‌സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതി തനിച്ചായിരുന്നുവെന്നാണ് പോലിസ് കരുതുന്നത്.

Next Story

RELATED STORIES

Share it