Latest News

പോളിംഗ് അസിസ്റ്റന്റുമാരായി ജോലി ചെയ്ത പരപ്പനങ്ങാടിയിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് മതിയായ വേതനം നല്‍കിയില്ലെന്ന് പരാതി

പോളിംഗ് അസിസ്റ്റന്റുമാരായി ജോലി ചെയ്ത പരപ്പനങ്ങാടിയിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് മതിയായ വേതനം നല്‍കിയില്ലെന്ന് പരാതി
X

പരപ്പനങ്ങാടി: തിരഞ്ഞെടുപ്പില്‍ പോളിംഗ് അസിസ്റ്റന്റുമാരായി ജോലി ചെയ്ത ആശാവര്‍ക്കര്‍മാര്‍ക്ക് മതിയായ വേതനം നല്‍കിയില്ലെന്ന് പരാതി. പരപ്പനങ്ങാടിയിലെ ആശാവര്‍ക്കര്‍മാരാണ് ഇതുസംബന്ധിച്ച പരാതി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്.

സാധാരണ രീതിയില്‍ തിരഞ്ഞെടുപ്പ് ദിവസം തന്നെ ഡ്യൂട്ടി കഴിയുമ്പോള്‍ പോളിംഗ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വേതനം കൊടുക്കുകയാണ് പതിവ്. എന്നാല്‍ മറ്റു പോളിങ് ഡ്യൂട്ടിക്കെത്തിയ എല്ലാവര്‍ക്കും വേതനം കൊടുത്തപ്പോള്‍ പോളിംഗ് അസിസ്റ്റന്റുമാരായി ജോലി ചെയ്ത തങ്ങളെ മതിയായ വേതനം നല്‍കാതെ ഒഴിവാക്കുകയായിരുന്നുവെന്ന് ആശാ വര്‍ക്കര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തിരൂര്‍, താനൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളില്‍ ജോലി ചെയ്ത ആശാവര്‍ക്കര്‍മാര്‍ക്കു 1,300 രൂപ വീതം നല്‍കിയിട്ടുണ്ടെന്നും തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ ജോലി ചെയ്ത തങ്ങള്‍ക്ക് 650 രൂപ മാത്രമേ അനുവദിച്ചുള്ളുവെന്നും പരാതിയില്‍ പറയുന്നു. എല്ലാവര്‍ക്കും കൊടുത്തപോലെ 1,300 രൂപ വേതനം ലഭിക്കണമെന്നാണ് ആവശ്യം. അനുവദിച്ച 650 രൂപ സ്വീകരിച്ചിട്ടില്ല.

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പിആര്‍ഒയുമായി സംസാരിച്ചപ്പോള്‍ താലൂക് ഓഫിസറുമായി ബന്ധപ്പെടാന്‍ പറഞ്ഞെങ്കിലും താലൂക് ഓഫിസറും തുക വര്‍ധിപ്പിക്കാനാവില്ലെന്ന് നിലപാടെടുത്തു. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. 7 മണിക്ക് മുമ്പ് തന്നെ ജോലിക്കെത്തുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞു ഏറെ വൈകിയും പോകേണ്ടിവന്ന സ്ത്രീകളായ തങ്ങള്‍ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി വാഹനം വിളിച്ചാണ് വീടുകളില്‍ തിരിച്ചെത്തിയതെന്നും ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it