Latest News

കൊറോണ ഭീതിയുടെ മറവില്‍ വയനാട്ടില്‍ കൃത്രിമ വിലക്കയറ്റം

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിയന്ത്രണം കര്‍ശനമാക്കിയതിന്റെ മറവിലാണ് അരി അടക്കമുള്ള സാധനങ്ങള്‍ക്കും പച്ചക്കറി, പഴ വര്‍ഗങ്ങള്‍ക്കും കുത്തനെ വില കൂട്ടിയത്.

കൊറോണ ഭീതിയുടെ മറവില്‍ വയനാട്ടില്‍ കൃത്രിമ വിലക്കയറ്റം
X

പിസി അബ്ദുല്ല

കല്‍പറ്റ: രണ്ടു ദിവസത്തിനിടെ അവശ്യ സാധനങ്ങള്‍ക്കടക്കം വയനാട്ടില്‍ ക്രമാതീതമായ വിലക്കയറ്റം. കൊവിഡ് ഭീതിയെ തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നിയന്ത്രണം കര്‍ശനമാക്കിയതിന്റെ മറവിലാണ് അരി അടക്കമുള്ള സാധനങ്ങള്‍ക്കും പച്ചക്കറി, പഴ വര്‍ഗങ്ങള്‍ക്കും കുത്തനെ വില കൂട്ടിയത്.

എല്ലാതരം അരിക്കും ഇന്നലെയും ഇന്നുമായി കിലോയ്ക്ക് മൂന്നു രൂപ വരെ വര്‍ധിച്ചു. ഇന്നലെ രാവിലെ വരെ കിലോയ്ക്ക് 27 രൂപയുണ്ടായിരുന്ന പച്ചരിക്ക് പല കടകളിലും ഇന്ന് ചില്ലറ വില 29 രൂപയായി. സാധാരണക്കാരും ഹോട്ടലുകാരും ചോറിനു പയോഗിക്കുന്ന കിലോയ്ക്ക് 30-32 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഗ്രാമീണ മേഖലയിലെ കടകളില്‍ ഒറ്റയടിക്ക് 33-35 രൂപയായി വര്‍ധിച്ചു. വിവിധ തരം പൊന്നി അരിക്കും ചില്ലറ വിപണിയില്‍ വില കുത്തനെ കൂടി.

ഉരുളക്കിഴങ്ങ്, ചെറുപയര്‍, മുതിര, പരിപ്പ് തുടങ്ങിയവയ്ക്കും ശരാശരി രണ്ടു രൂപ വര്‍ധിച്ചു.

ചാക്കിന് 830 രൂപ വിലയുണ്ടായിരുന്ന മട്ട അരിക്ക് ഇന്നത്തെ വില പലയിടത്തും 870 രൂപ. കിലോക്ക് 160 രൂപ വിലയുണ്ടായിരുന്ന ചായപ്പൊടിക്ക് ഇന്ന് ചില്ലറ വില 190 രൂപയാണ്.

വയനാട്ടില്‍ ഉല്‍പാദനമില്ലാത്ത പച്ചമുളക്, കാബേജ്, വെണ്ട, ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയവക്കും രണ്ടു രൂപ മുതല്‍ വര്‍ധിച്ചു.

വിലവര്‍ധന പരസ്യപ്പെടുത്താതെയാണ് പലചരക്ക് കടകളുടെ പ്രവര്‍ത്തനം.

അതേസമയം, കൊറോണ ഭീതിയുടെ മറവില്‍ അവശ്യസാധന വില വര്‍ധിച്ചിട്ടില്ലെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. അവശ്യസാധന ലഭ്യത പരിമിതമാവുമെന്ന പ്രചാരണത്തിന്റെ മറവില്‍ ചില പ്രദേശങ്ങളിലെ ചില്ലറ കച്ചവടക്കാര്‍ തോന്നിയ പോലെ വില ഈടാക്കുന്നതാണെന്നും മൊത്ത വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

പലചരക്ക് സാധനങ്ങളുടെ അനിയന്ത്രിത വിലവര്‍ധനവിനെതിരേ പലയിടങ്ങളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it