Latest News

നിയമന അഴിമതി: ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ 100 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തെന്ന് ഇ ഡി

നിയമന അഴിമതി: ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ 100 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തെന്ന് ഇ ഡി
X

കൊല്‍ക്കത്ത: ഇ ഡിയും സിബിഐയും പോലുളള കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന പ്രമേയം പാസ്സാക്കിയ അതേ ദിവസം മുന്‍ തൃണമൂല്‍ മന്ത്രിയുടെ സ്വത്ത് പിടിച്ചെടുത്തെന്ന് ഇ ഡി. അധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട് ഇതുവരെ 100 കോടിയുടെ സ്വത്ത് പിടിച്ചെടുത്തെന്നാണ് ഇ ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

നിയമനവിവാദവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പാര്‍ത്ഥാ ചാറ്റര്‍ജിക്കു പുറമെ അര്‍പിത മുഖര്‍ജിയുടെയും ആറ് കമ്പനികളുടെയും പേര് എടുത്തുപറഞ്ഞിട്ടുണ്ട്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ ആ സ്ഥാനത്ത് പണം വാങ്ങി അയോഗ്യരെ നിയമിച്ചുവെന്നാണ് പരാതി.

അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കീഴിലുള്ള വ്യവസായികളുടെ പ്രശ്‌നത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കുറ്റവിമുക്ത'നാക്കിയ അതേ ദിവസമാണ് ഇഡി, തൃണമൂല്‍ മന്ത്രിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ഇ ഡിയെയും സിബിഐയെയും ദുരുപയോഗം ചെയ്യുന്നത് മോദിയല്ല, അദ്ദേഹത്തിന്റെ കൂടെനില്‍ക്കുന്ന ഗൂഢാലോചനക്കാരായ ബിജെപിക്കാരാണെന്നാണ് മമത പറഞ്ഞത്. എല്ലാ കുറ്റവും അമിത് ഷായിലേക്ക് തിരിച്ചുവിട്ട മമതയെ ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി പരിഹസിച്ചു.

35 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിട്ടുള്ള 7.89 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് പുറമെ കൊല്‍ക്കത്തയിലെ ഫാം ഹൗസ്, ഫഌറ്റുകള്‍, 40.3 കോടിയുടെ കണ്ണായ പ്രദേശങ്ങളിലെ ഭൂമി എന്നിവ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത സ്വത്ത് പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അര്‍പിത മുഖര്‍ജിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയാണെന്ന് കണ്ടെത്തി.

ജൂലൈ 7, ജൂലൈ 27, ജൂലൈ 28 തിയ്യതികളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്ന് 49.80 കോടി രൂപയും 5.08 കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണവും ആഭരണങ്ങളും ഇഡി നേരത്തെ പിടിച്ചെടുത്തിരുന്നു. കേസില്‍ പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 103.10 കോടി രൂപയാണ്'- ഏജന്‍സിയുടെ കുറ്റപത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it