Latest News

ജഡ്ജിമാരുടെ നിയമനം: 'കൊളീജിയം ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥര്‍'; കേന്ദ്ര നിയമന്ത്രാലയത്തിന് കത്തയച്ച് സുപ്രിംകോടതി

ജഡ്ജിമാരുടെ നിയമനം: കൊളീജിയം ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥര്‍; കേന്ദ്ര നിയമന്ത്രാലയത്തിന് കത്തയച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് സുപ്രിംകോടതി കൊളീജിയം. ഇതുസംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന് സുപ്രിംകോടതി കൊളീജിയം കത്തയച്ചു. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത നാഗേന്ദ്ര രാമചന്ദ്രന്റെ പേര് കേന്ദ്രം പലതവണ മടക്കി അയച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ഒരുതവണ കേന്ദ്രം മടക്കി അയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കുക എന്നതാണ് കീഴ്‌വഴക്കം. ഇതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കത്തില്‍ പറയുന്നു. ഇതിനാധാരമായ സുപ്രിംകോടതിയുടെ വിവിധ വിധികള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി 1993ലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് കത്തില്‍ പറയുന്നു. കേന്ദ്രം മടക്കി അയച്ച ഏതെങ്കിലും ശുപാര്‍ശ കൊളീജിയം ഐകകണ്‌ഠേന ആവര്‍ത്തിച്ചാല്‍ നിയമനത്തിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് 1993ലെ കോടതി വിധി.

കൊളീജിയം അവര്‍ത്തിച്ചുനല്‍കുന്ന ശിപാര്‍ശകള്‍ അംഗീകരിച്ച് നിയമന ഉത്തരവ് ഒരുമാസത്തിനുള്ളില്‍ ഇറക്കണമെന്ന 2021ലെ സുപ്രിംകോടതി വിധിയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബറില്‍ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it