Latest News

നിയമന വിവാദം: ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല; അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

നിയമന വിവാദം: ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല; അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്
X

കണ്ണൂര്‍: പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസറാവാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വെള്ളിയാഴ്ച ചേരും. തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്. എന്നാല്‍, പ്രിയാ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകാലാശാല അപ്പീല്‍ നല്‍കില്ല. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനോട് നിയമോപദേശം തേടിയുണ്ട്. വിധിക്കെതിരായ അപ്പീല്‍ നീക്കം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും ഉദ്യോഗാര്‍ഥിക്കായി സര്‍വകലാശാല അപ്പീല്‍ നല്‍കുന്നത് നിലനില്‍ക്കില്ല.

എന്നാല്‍, പ്രിയാ വര്‍ഗീസ് അപ്പീല്‍ നല്‍കുന്നുണ്ടെങ്കില്‍ നല്‍കട്ടെയെന്നാണ് സര്‍വകലാശാല നിലപാട്. പ്രിയാ വര്‍ഗീസ് ഇടക്കാല സ്‌റ്റേ നേടിയാല്‍ തുടര്‍നീക്കങ്ങള്‍ക്കായി കൂടുതല്‍ സമയം ലഭിക്കും. അതിനിടയില്‍ കണ്ണൂര്‍ വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന വിധി വന്നതോടെ ഇവരെ അനുകൂലിച്ചിരുന്ന സര്‍വകലാശാലയുടെ ഇനിയുള്ള നിലപാട് നിര്‍ണായകമാണ്. കോടതി വിധി മാനിക്കുന്നുവെന്നും സര്‍വകലാശാലയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.

അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലെ നിയമനത്തിന് പ്രിയാ വര്‍ഗീസ് അയോഗ്യയാണെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിങ്, സെലക്ഷന്‍ കമ്മിറ്റികള്‍ക്കെതിരായ കോടതിയുടെ രൂക്ഷവിമര്‍ശനവും സര്‍വകലാശാലയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കാനുള്ള കോടതി നിര്‍ദേശപ്രകാരം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയക്കാണ് ഒന്നാം റാങ്കിന് അര്‍ഹത. പ്രിയാ വര്‍ഗീസിനെ ഒഴിവാക്കിയുള്ള പുതിയ പട്ടിക തയ്യാറാക്കുന്ന നടപടിയിലേക്ക് കടക്കുകയാണ് ഇനി സര്‍വകലാശാലയ്ക്ക് മുന്നിലുള്ള ഏക പോംവഴി.

Next Story

RELATED STORIES

Share it