Latest News

കശ്മീരില്‍ ഇസ്രായേല്‍ മോഡലിന് ആഹ്വാനം നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞന്‍: പ്രതിഷേധം പുകയുന്നു

യുഎസ്സ് ഇന്ത്യന്‍ എംബസിയിലെ കൗണ്‍സില്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയാണ് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇസ്രായേല്‍ മോഡല്‍ നിര്‍ദേശിച്ചത്.

കശ്മീരില്‍ ഇസ്രായേല്‍ മോഡലിന് ആഹ്വാനം നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞന്‍: പ്രതിഷേധം പുകയുന്നു
X

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രായേലിനെ മാതൃകയാക്കാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യന്‍ നയതന്ത്രപ്രതിനിധി. യുഎസ്സ് ഇന്ത്യന്‍ എംബസിയിലെ കൗണ്‍സില്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയാണ് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഇസ്രായേല്‍ മോഡല്‍ നിര്‍ദേശിച്ചത്. സന്ദീപിന്റെ നിരുത്തരവാദപരമായ പരാമര്‍ശത്തിനെതിരേ പ്രതിഷേധം ശക്തമായി.

സന്ദീപ് ചക്രവര്‍ത്തി ന്യൂയോര്‍ക്കില്‍ ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുത്ത് നടത്തിയ സംസാരത്തിന്റെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഏതാനും കശ്മീരി പണ്ഡിറ്റുകളോട് കശ്മീര്‍ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോ.

''ഞാന്‍ കരുതുന്നത് കശ്മീരിലെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ്. അതോടെ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് തിരികെ പോകാം. സുരക്ഷ നമുക്ക് തിരിച്ചുപിടിക്കാനും കഴിയും. കാരണം ലോകത്ത് നമുക്ക് നിലവില്‍ അത്തരമൊരു മോഡല്‍ ലഭ്യമാണ്''- 1986 ല്‍ കശ്മീരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പലായനം ചെയ്യപ്പെട്ട പണ്ഡിറ്റുകളെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

''ആ മോഡല്‍ നാം പിന്തുടരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല, പശ്ചിമേഷ്യയില്‍ അത് സംഭവിച്ചിട്ടുണ്ട്. ഇസ്രായേലികള്‍ക്ക് അത് കഴിയുമെങ്കില്‍ നമുക്കും കഴിയും'' ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയനേതൃത്വം അത് ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സന്ദീപ് പറഞ്ഞു. കശ്മീര്‍ പ്രശ്‌നപരിഹാരം ഇസ്രായേലികള്‍ ഫലസ്തീനില്‍ ചെയ്തതുപോലെയാണെന്ന് സന്ദീപ് പറയുന്നു.

ഇതിനും പുറമെ ഇന്ത്യക്കാരുടെ സഹിഷ്ണുതയെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുകയാണെന്നും സന്ദീപ് വീഡിയോയില്‍ പറയുന്നുണ്ട്. ''ചിലര്‍ പറയുന്നത് ഇന്ത്യക്കാര്‍ എല്ലാവരോടും കരുതലെടുക്കുന്നവരാണെന്നാണ്. എല്ലാ വിശ്വാസങ്ങളോടും എല്ലാ വിഭാഗം ജനങ്ങളോടും. നിര്‍ഭാഗ്യശാല്‍ എല്ലാവരും ഇതുപോലല്ല, മറ്റുള്ളവരെ പോലെ നമ്മളും ആവണം. എന്നാലേ ആ കളിയില്‍ അവരെ വീഴ്ത്താനാവൂ. ഇതേ വീഡിയോയില്‍ അദ്ദേഹം പറയുന്നു.

ചിലര്‍ വളരെ അസ്വസ്ഥരായിരിക്കയാണ്, പ്രത്യേകിച്ചും ഈ തീരുമാനത്തെ കുറിച്ച്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്കും മനുഷ്യാവകാശ കൗണ്‍സിലിലേക്കും അവര്‍ നമ്മെ വലിച്ചിഴക്കുന്നു. എന്തുകൊണ്ടാണവര്‍ സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്താനിലും പോയി ഫോട്ടോ എടുക്കുന്നില്ല. എന്തുകൊണ്ടാണ് ഇവിടേക്ക് വരുന്നത്? നാം നമ്മുടെ തീരുമാനവുമായി മുന്നോട്ടുപോകുന്നത് അവര്‍ക്ക് പിടിക്കുന്നില്ല- അദ്ദേഹം തുടരുന്നു.

പണ്ഡിറ്റുകള്‍ നേരിട്ട സഹനത്തെ ആര്‍ട്ടിക്കിള്‍ 370 ഉം 35 ഉം റദ്ദാക്കിയതിന് ന്യായീകരണം ചമക്കുകയാണെന്ന് സിറാക്യൂസ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര അധ്യാപികയും കശ്മീരി പണ്ഡിറ്റുമായ മൊന ഭന്‍ വിമര്‍ശിച്ചു. കശ്മീരി നോവലിസ്റ്റ് മിര്‍സ വഹീദ് പ്രസ്താവനയെ പ്രകോപനപരം എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പ്രസ്താനവകള്‍ പുറപ്പെടുവിക്കാന്‍ ഒരു മുതിര്‍ന്ന നയതന്ത്രജ്ഞനെ അനുവദിക്കുന്നതെങ്ങനെയെന്നും അദ്ദേഹം അദ്ദേഹം ചോദിക്കുന്നു.

എന്നാല്‍ തന്റെ വാചകങ്ങള്‍ തെറ്റായി ഉദ്ധരിച്ചതാണെന്ന് സന്ദീപ് ചക്രവര്‍ത്തി ട്വിറ്ററില്‍ എഴുതി.



Next Story

RELATED STORIES

Share it