Latest News

ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമം: കേസ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

അക്രമങ്ങള്‍ക്ക് പ്രേരകമായ ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെ സംബന്ധിച്ച കേസും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമം: കേസ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരേ വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ ഹരജികള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. അക്രമങ്ങള്‍ക്ക് പ്രേരകമായ ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെ സംബന്ധിച്ച കേസും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇത്തരം കേസുകള്‍ നീണ്ട കാലത്തേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്ന സുപ്രിം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

''കേസ് വേഗം തീര്‍പ്പാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്ര നീണ്ട കാലത്തേക്ക് ഈ കേസ് മാറ്റിവയ്ക്കുന്നത് നീതീകരിക്കാനാവില്ല''- ഡല്‍ഹിയില്‍ 53 പേര്‍ മരിക്കാനും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പരാതികള്‍ പരിഗണിച്ചുകൊണ്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പറഞ്ഞു.

വെള്ളിയാഴ്ചയ്ക്ക് മുമ്പ് കേസ് ലിസ്റ്റ് ചെയ്യാനും ഹൈക്കോടി ചീഫ് ജസ്റ്റിസിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ ആക്രമിക്കാനിടയായ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരേ എഫ്‌ഐആര്‍ ചുമത്താന്‍ ഒരു മാസം സമയം അനുവദിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് സുപ്രിം കോടതി വിധി പറഞ്ഞത്.

ഡല്‍ഹിയില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളില്‍ പ്രധാന പങ്കുവഹിച്ചവരാണ് കപില്‍ മിശ്ര,പര്‍വീഷ് വര്‍മ, അനുരാജ് താക്കൂര്‍, അഭയ് വര്‍മ എന്നിവര്‍.

റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഡല്‍ഹി അക്രമങ്ങള്‍ അന്വേഷിക്കണമെന്നും ഇരകള്‍ക്ക് മാതൃകാപരമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ഹരിശങ്കര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് വിദ്വേഷപ്രസംഗ കേസില്‍ എഫ്‌ഐഅര്‍ ഇടുന്നതിന് ഒരു മാസം സാവകാശം അനുവദിച്ചത്.

തലേ ദിവസം ദിവസം ജസ്റ്റിസ്. മുരളിധറിന്റെ ബെഞ്ച് കുറ്റക്കാര്‍ക്കെതിരേ എഫ്‌ഐആര്‍ ചുമത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്.

Next Story

RELATED STORIES

Share it