Latest News

ഡല്‍ഹി: ഹരജികള്‍ ഉടന്‍ പരിഗണിക്കണം; നീണ്ട തിയ്യതികളിലേക്ക് മാറ്റിവച്ചത് നീതീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി

പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട വിധം ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഡല്‍ഹി: ഹരജികള്‍ ഉടന്‍ പരിഗണിക്കണം; നീണ്ട തിയ്യതികളിലേക്ക് മാറ്റിവച്ചത് നീതീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: വടക്ക് കിഴക്ക് ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള ഹരജികളില്‍ മാര്‍ച്ച് 6 നു തന്നെ വാദം കേള്‍ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയ്ക്ക് സുപ്രിം കോടതിയുടെ നിര്‍ദേശം. അടിയന്തിര പ്രാധാന്യമുളള ഹരജി ഒരു മാസം നീട്ടിവയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട വിധം ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വടക്ക് കിഴക്ക് ഡല്‍ഹിയിലുണ്ടായ സംഘപരിവാര്‍ ആക്രമണങ്ങളില്‍ 47 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

''ഇത്ര നീണ്ട കാലത്തേക്ക് ഒരു വിഷയം മാറ്റിവയ്ക്കുന്നത് നീതീകരിക്കാനാവില്ല. ഹൈക്കോടതിയുടെ പരിധിയിലുള്ള വിഷയത്തില്‍ കടന്നുകയറാന്‍ സുപ്രിം കോടതി ആഗ്രഹിക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് നീണ്ട തിയ്യതികളിലേക്ക് മാറ്റിവച്ചവ എത്രയും പെട്ടെന്ന് പരിഗണിച്ച് തീര്‍പ്പാക്കണം''-ബോബ്ദെ പറഞ്ഞു.

സ്ഥിതിഗതികള്‍ എന്തെങ്കിലും നടപടിയെടുക്കുന്നതിന് അനുയോജ്യമല്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് മറുപടിയായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ''ഞങ്ങള്‍ക്ക് 7000 ത്തോളം വീഡിയോകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ അനുയോജ്യമല്ല, മറിച്ചാവുന്ന സമയത്ത് നടപടി എടുക്കും''- മേത്ത പറഞ്ഞു.

''കോടതി ഉത്തരവിലൂടെ സംഘര്‍ഷം ഇല്ലാതാക്കാമെന്ന് ഞങ്ങള്‍ കരുതുന്നില്ല. സാധാരണ ഉത്തരവുകള്‍, നിര്‍ദ്ദിഷ്ട വ്യക്തികളുമായി ബന്ധപ്പെട്ടാണ് ഇറക്കുന്നത്, ഇവിടെ അത്തരത്തില്‍ ആരുമില്ല...''-ജസ്റ്റിസ് ബോബ്ദെ തിരിച്ചടിച്ചു.

ചില പ്രമുഖരെ ജയിലിലടച്ചാല്‍ ഇവിടെ കലാപങ്ങളുണ്ടാവില്ലെന്ന് ബിജെപി നേതാക്കളെ ഉദ്ദേശിച്ചുകൊണ്ട് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വ്‌സ് പറഞ്ഞു.

''ചില കലാപങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. നിങ്ങളുടെ അഭിപ്രായം പൂര്‍ണമായി ശരിയല്ല. ചില നേതാക്കളെ പിടിച്ച് ജയിലിലടച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവും.''-മുംബൈ കലാപത്തെ സൂചിപ്പിച്ചുകൊണ്ട് ജസ്റ്റ്‌സ് ബോബ്ദെ പറഞ്ഞു.

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് സാഹിബ് സിങ്, കപില്‍ മിശ്ര തുടങ്ങിയവരെ വിദ്വേഷപ്രസംഗത്തിന്റെ പേരി്ല്‍ അറസ്റ്റ് ചെയ്യണമെന്ന ഹരജി ഏപ്രില്‍ 13 ലേക്ക് ഡല്‍ഹി ഹൈക്കോടതി നീട്ടിവച്ചിരുന്നു.

അറസ്റ്റ് ചെയ്യാന്‍ സമയം ശരിയല്ലെന്ന കേന്ദ്രത്തിന്റെ വാദം ശരിവച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അധ്യക്ഷനും ജസ്റ്റിസ് ഹരി ശങ്കര്‍ അംഗവുമായ ബെഞ്ച് കേസ് നീണ്ട ഒരു തിയ്യതിയിലേക്ക് മാറ്റിവച്ചത്.

Next Story

RELATED STORIES

Share it