Latest News

ആംബുലന്‍സ് പീഡനം; പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

നൗഫലിന്റെ കൊവിഡ് പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന റിപോര്‍ട്ട് കൂടി ലഭിച്ചിട്ടുള്ളതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

ആംബുലന്‍സ് പീഡനം; പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

പത്തനംതിട്ട: കൊവിഡ് ബാധിതയായ 19 കാരിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയായ നൗഫലിനെ ഈ മാസം 20 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലിസ് നല്‍കിയ അപേക്ഷയിലാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടു നല്‍കിയത്. ഇന്നലെ പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ മാസം ഒമ്പതിനാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞ് പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫല്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി രാത്രി തന്നെ പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

നൗഫലിന്റെ കൊവിഡ് പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന റിപോര്‍ട്ട് കൂടി ലഭിച്ചിട്ടുള്ളതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. അതേസമയം പീഡനത്തിന് വിധേയയായ പെണ്‍കുട്ടി ഇന്നലെ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ആശുപത്രിജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പെണ്‍കുട്ടി രക്ഷപെട്ടത്. പിന്നീട് മാനസികാരോഗ്യ വിഭാഗം ഡോക്ടര്‍മാരെത്തി പെണ്‍കുട്ടിയുമായി സംസാരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ മാനഭംഗത്തിനിരയാക്കിയതും കൊവിഡ് രോഗം മൂലമുണ്ടായ മാനസിക സംഘര്‍ഷവുമാകാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.




Next Story

RELATED STORIES

Share it