Latest News

അഴിമതി ആരോപണം: ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അറസ്റ്റില്‍

അഴിമതി ആരോപണം: ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി എംഎല്‍എയുമായ അമാനത്തുല്ലാ ഖാന്‍ അറസ്റ്റിലായി. വഖ്ഫ് ബോര്‍ഡ് നിയമനത്തില്‍ അഴിമതി ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അറസ്റ്റ്. ഓഖ്‌ലയില്‍ നിന്നുള്ള എംഎല്‍എയായ ഇദ്ദേഹത്തെ ഡല്‍ഹി പോലിസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. അമാനത്തുല്ലാ ഖാന്റെ സഹായിയുടെ വീട്ടില്‍ ഡല്‍ഹി പോലിസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി പോലിസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തു.

അമാനത്തുല്ലയുടെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. സാക്കിര്‍ നഗര്‍, ബട്‌ല ഹൗസ്, ജാമിഅ നഗര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന. പണത്തിനൊപ്പം നോട്ടെണ്ണല്‍ യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്. വഖ്ഫ് ബോര്‍ഡില്‍ ക്രമക്കേട് ആരോപിച്ച് 2020ല്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

അലിയുടെ ജാമിഅ നഗറിലെ വീട്ടില്‍ നിന്നാണ് പണവും മറ്റും കണ്ടെത്തിയത്. ആയുധം ബെറെറ്റ പിസ്റ്റളാണെന്നും ഇതില്‍ ബുള്ളറ്റുകളുണ്ടെന്നും എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഎപി നേതാവിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. 2020ലെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

പുതിയ വഖ്ഫ് ബോര്‍ഡ് ഓഫിസ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചതായി അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, ആരോപണങ്ങള്‍ 'അടിസ്ഥാന രഹിതം' ആണെന്ന് എഎപി പ്രതികരിച്ചു. അദ്ദേഹത്തിനെതിരെയുള്ള കേസ് തീര്‍ത്തും വ്യാജമാണ്. വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും എംഎല്‍എയുടെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള പുതിയ ശ്രമമാണിതെന്നും എഎപി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it