Latest News

അല്‍ അഹ്‌സയില്‍ വാഹനാപകടം: മൂന്നു മലയാളികളെയും തിരിച്ചറിഞ്ഞു

ഇന്നലെ രാത്രി അല്‍ അഹ്‌സയിലെ ഹറദില്‍ പെട്രോള്‍ പമ്പിന് അടുത്തായി ട്രെയ്‌ലറും നിസാന്‍ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം

അല്‍ അഹ്‌സയില്‍ വാഹനാപകടം: മൂന്നു മലയാളികളെയും തിരിച്ചറിഞ്ഞു
X

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍നിന്നു 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളികളില്‍ മൂന്നാമനെയും തിരിച്ചറിഞ്ഞു.കണ്ണൂര്‍ പാപ്പിനശ്ശേരി ഹൈദ്രോസ് മസ്ജിദിനു സമീപം ഫലാഹ് വീട്ടില്‍ പൂവാങ്കുളം തോട്ടം പുതിയ പുരയില്‍ സിയാദാ(30)ണ് മരിച്ചത്. ജുബൈല്‍ ആസ്ഥാനമായ മാക് എന്ന കമ്പനിയുടെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് റൂമില്‍ നിന്നു പോയത്. ഔദ്യോഗിക ആവശ്യത്തിനായി നിരവധി യാത്രകള്‍ നടത്തുന്ന അദ്ദേഹത്തെ ഇന്നലെ രാത്രി മുതല്‍ വിവരം ഒന്നും ലഭിക്കാതെ അനേഷണം നടത്തിവരുമ്പോഴാണ് അല്‍ ഹസ്സയില്‍ നിന്നുള്ള യുവാക്കളുടെ മരണ വാര്‍ത്ത സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടത്. ഈ സമയം, മൃതദേഹത്തില്‍ നിന്നു ലഭിച്ച ഇഖാമ മാത്രമായിരുന്നു അപകടസ്ഥലത്തുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകരുടെ കൈയില്‍ ഉണ്ടായിരുന്ന ഏക തിരിച്ചറിയില്‍ രേഖ. അപകടത്തില്‍ മരിച്ച സിയാദിന്റെ തല പൂര്‍ണമായും തകര്‍ന്നു പോയിരുന്നു. ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കി. മരണ വിവരം അറിഞ്ഞ ഇന്നലെ രാത്രി മുതല്‍ ജുബൈലിലേയും അല്‍ ഹസ്സയിലെയും സാമൂഹിക പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചതിനു ശേഷമാണ് വൈകീട്ട് നാലോടെജുബൈലിലുള്ള സിയാദിന്റെ സഹോദരനെ കണ്ടെത്തിയത്. ജമാല്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ. സഹോദരങ്ങള്‍: ഷിറാസ്(ജുബൈല്‍), ഷഫീക്(അല്‍ ഖോബാര്‍). സിയാദിന്റെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളായ ദമ്മാമില്‍ എക്‌സല്‍ എന്‍ജിനീയറിങ് കമ്പനി ജീവനക്കാരന്‍ പാലക്കാട് കല്‍മണ്ഡപം സ്വദേശി ഫിറോസ്ഖാന്‍(42), ജുബൈലില്‍ നിന്നുള്ള മൂവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍(43) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍. ഇന്നലെ വൈകീട്ട് ആറ് മണിയോടെ അല്‍ അഹ്‌സയിലെ ഹറദില്‍ പെട്രോള്‍ പമ്പിന് അടുത്തായി ഇവര്‍ സഞ്ചരിച്ചിരുന്ന നിസ്സാന്‍ കാറും മുമ്പില്‍ കൂടി പോവുകയായിരുന്ന ട്രെയ്‌ലറിന്റെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

എല്ലാവരും അപകട സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അനിലും സിയാദും വെള്ളിയാഴ്ച ഉച്ചയോടെ ജുബൈലില്‍ നിന്നു പുറപ്പെട്ട് ദമ്മാമിലെത്തി അവിടെ നിന്നും ഫിറോസിനെയും കൂട്ടി മൂവരും വൈകീട്ട് മൂന്നോടെ ഫിറോസ് ഖാന്റെ സുഹൃത്ത് നാസറിന്റെ വാഹനത്തില്‍ ഹറദിലുള്ള അരാംകോ റിഗ്ഗിലേക്കു പുറപ്പെട്ടതായിരുന്നു. മാന്‍പവര്‍ ബിസിനസ് നടത്തുന്ന ഇവരുടെ കമ്പനിയുടെ നിരവധി ജീവനക്കാര്‍ അവിടെ റിഗ്ഗ് സൈറ്റില്‍ ജോലി ചെയ്യുന്നുണ്ട്. മൂന്നുപേരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരിച്ച ഫിറോസ് ഖാന്റെയും അനില്‍ തങ്കപ്പന്റെയും സ്‌പോണ്‍സര്‍മാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സിയാദിന്റെ ബന്ധുക്കള്‍ അബ്ദുല്‍ കരീം കാസിമിയുടെ (സഹായി) നേതൃത്വത്തില്‍ ജുബൈലില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. അല്‍ അഹ്‌സയിലെ കെഎംസിസി സെക്രട്ടറി അഷ്‌റഫ് ഗസല്‍, നാസര്‍ മദനി എന്നിവര്‍ ആവശ്യമായ സഹായവുമായി രംഗത്തുണ്ട്. അനീസയാണ് മരിച്ച ഫിറോസ് ഖാന്റെ ഭാര്യ. മൂന്നു ആണ്‍ മക്കളുണ്ട്.

Next Story

RELATED STORIES

Share it