Latest News

ആയുസ് കുറവാണെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് 28കാരി ജീവനൊടുക്കി

ആയുസ് കുറവാണെന്ന ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് 28കാരി ജീവനൊടുക്കി
X

ബെംഗളൂരു: ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് കടുത്ത മാനസിക ആശങ്കയിലായിരുന്ന 28കാരിയായ യുവതി ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരു ബഗലഗുണ്ടെ എന്‍ഇഎല്‍ ലേയൗട്ടിലാണ് സംഭവം.

വിദ്യാ ജ്യോതി എന്ന യുവതി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കുടക് സ്വദേശിയായ യുവാവുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് കുടുംബങ്ങള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സസമ്മതിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു.

വിവാഹവുമായി ബന്ധപ്പെട്ട ഭാവികാര്യങ്ങള്‍ അറിയാനായി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതി ഒരു ജ്യോതിഷിയെ സമീപിച്ചത്. ആയുസ് കുറവാണെന്നും ദീര്‍ഘദാമ്പത്യജീവിതത്തിനായി പ്രത്യേക പൂജകള്‍ അനിവാര്യമാണെന്നും ജ്യോതിഷി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ ഒന്‍പത് ദിവസത്തെ പൂജകള്‍ നടത്തിയിരുന്നു. എന്നാല്‍ യുവതി കടുത്ത ആശങ്കയിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. അവര്‍ പലപ്പോഴും ആശ്വസിപ്പിച്ചിരുന്നുവെങ്കിലും യുവതിയുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടായില്ലെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ യുവതി ഏറെ നേരം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതി ജോലിത്തിരക്കിലായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ബഗലഗുണ്ടെ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ്, സംഭവത്തില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന് ഉള്‍പ്പെടെ വിശദമായി അന്വേഷിച്ച് വരികയാണ്.

Next Story

RELATED STORIES

Share it